Loading ...

Home International

കോവാക്സിന് അംഗീകാരം നൽകുന്നതിൽ തീരുമാനം ഒക്ടോബറിലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ കോവിഡ് പ്രതിരോധ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയില്‍ അംഗീകാരം നല്‍കുന്നതില്‍ ഒക്ടോബറില്‍ തീരുമാനമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന. അംഗീകാരത്തിനായി കഴിഞ്ഞ ഏപ്രിലില്‍ ഭാരത് ബയോടെക് അപേക്ഷ നല്‍കിയിരുന്നു. വാക്സിന്‍ പരീക്ഷണത്തിന്‍റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങള്‍ പരിശോധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ട എല്ലാ ഡേറ്റയും നല്‍കിയെന്ന് ഭാരത് ബയോടെക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനിടയില്‍ സാങ്കേതിക വിഷയങ്ങളില്‍ ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ തേടിയിരുന്നു​. അന്താരാഷ്ട്ര അതിര്‍ത്തികള്‍ വീണ്ടും തുറക്കുന്ന വേളയില്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന്‍റെ അഭാവം കോവാക്​സിന്‍ എടുത്തവരെ 'അണ്‍ വാക്​സിനേറ്റഡ്​' ഗണത്തില്‍ പെടുത്തുന്നു. ഇതാണ്​ വിദേശയാത്ര ബുദ്ധിമുട്ടിലാക്കുന്നത്​. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചാല്‍ കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യാന്തര യാത്രകള്‍ക്കുള്ള തടസം നീങ്ങും.

ഫൈസര്‍-ബയോണ്‍ടെക്​, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ, സിനോഫാം, ഓക്​സ്​ഫെഡ്​-ആസ്​ട്രസെനിക്ക തുടങ്ങിയ വാക്​സിനുകള്‍ക്കാണ്​ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന്​ അനുമതി നല്‍കിയത്​.

കോവാക്​സിന്​ അനുമതിയുള്ള രാജ്യങ്ങള്‍

ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ്​ വാക്​സിനായ കോവാക്​സിന്​ 2021 ജനുവരിയിലാണ്​ അടിയന്തര ഉപയോഗത്തിന്​ കേ​ന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്​. വാക്​സിന്‍ യജ്ഞത്തിന്‍റെ ഭാഗമായി ജനുവരി മുതല്‍ കോവിഷീല്‍ഡിനൊപ്പം കോവാക്​സിനും രാജ്യത്ത്​ നല്‍കി വരുന്നുണ്ട്​.

ഇന്ത്യയെ കൂടാതെ നിലവില്‍ എട്ട്​ രാജ്യങ്ങള്‍ കോവാക്​സിന്​ അനുമതി നല്‍കിയത്​​​. ഇറാന്‍, ഗയാന, മൗറീഷ്യസ്​, മെക്​സിക്കോ, നേപ്പാള്‍, പാരഗ്വായ്​, ഫിലിപൈന്‍സ്​, സിംബാബ്​വെ എന്നീ രാജ്യങ്ങളാണ് ​കോവാക്​സിന്‍ അംഗീകരിച്ച മറ്റ്​ രാജ്യങ്ങള്‍.

യൂറോപ്യന്‍ മെഡിസിന്‍സ്​ ഏജന്‍സി, ​യു.കെയിലെ മെഡിസിന്‍സ്​ ആന്‍ഡ്​ ഹെല്‍ത്ത്​കെയര്‍ പ്രൊഡക്​ട്​സ്​ റെഗുലേറ്ററി ഏജന്‍സി എന്നിവയെ കൂടാതെ കാനഡയിലെയും ആസ്​ട്രേലിയയിലെയും അധികൃതര്‍ കോവാക്​സിന്​ അനുമതി നല്‍കാത്തത്​ നിരവധി വിദ്യാര്‍ഥികളെയും മറ്റും കുഴപ്പത്തിലാക്കിയിട്ടുണ്ട്​.

ബിസിനസ്​ ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ഈ രാജ്യങ്ങളിലേക്ക്​ പുറപ്പെടുന്നവര്‍ ക്വാറന്‍റീന്‍ വ്യവസ്​ഥകള്‍ പാലിക്കുകയും കോവിഡ്​ പരിശോധനക്ക്​ വിധേയമാകുകയും വേണം. ഇവിടങ്ങളിലെല്ലാം അംഗീകാരം ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി അനിവാര്യമാണ്

Related News