Loading ...

Home National

മലേഗാവ് ഭീകരാക്രമണത്തിന്​​ 13 വര്‍ഷം; എങ്ങുമെത്താതെ വിചാരണ, മുഖ്യപ്രതികളിലൊരാളിന്ന്​ എം.പി

മുംബൈ: ആറോളം പേരുടെ മരണത്തിനും നൂറിലേറെ പേരുടെ പരിക്കിനും ഇടയാക്കിയ രണ്ടാം മാലേഗാവ് സ്ഫോടനം നടന്നിട്ട് ഇന്നേക്ക് 13 വര്‍ഷം തികയുന്നു. പ്രജ്ഞാസിങ് ഠാക്കൂര്‍, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ പ്രസാദ് പുരോഹിത് എന്നിവരടക്കം ഏഴു പേര്‍ പ്രതികളായ കേസില്‍ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല. യു.എ.പി.എ ചുമത്തിയാണ് വിചാരണ. അതിന്​ മുമ്ബ്​ 2006ല്‍ മാലേഗാവില്‍ 35 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും ഇതേ സംഘത്തിന്‍റെ ഇടപെടലുകള്‍ കണ്ടെത്തിയിരുന്നു. മുഖ്യപ്രതികളിലൊരാളയ പ്രജ്ഞാസിങ് ഠാക്കൂര്‍ നിലവില്‍ ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ്​.

ചെറിയപെരുന്നാള്‍ ആഘോഷത്തിനായി ജനങ്ങള്‍ ഒരുങ്ങുന്നതിനിടെ 2008 സെപ്റ്റംബര്‍ 29 ന് രാത്രിയാണ് മാലേഗാവിലെ ഭിക്കു ചൗക്കില്‍ സ്ഫോടനമുണ്ടായത്. കേസന്വേഷണം ഏറ്റെടുത്ത ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ് ) സ്​ഫോടനം നടന്ന് മാസത്തിനകം പ്രതികളെ പിടികൂടി. പ്രജ്ഞാസിങ്ങ് ഠാക്കൂറാണ് ആദ്യം അറസ്റ്റിലായത്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ലഫ്. കേണല്‍ പ്രസാദ് പുരോഹിത് രൂപംനല്‍കിയ തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് എ.ടി.എസിന്റെ കണ്ടെത്തല്‍. സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ എന്ന നിലക്ക് സംഘടനയില്‍ നുഴഞ്ഞു കയറിയതാണെന്നും സ്ഫോടനത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്നുമാണ് പുരോഹിതന്റെ എതിര്‍വാദം.

മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടതിന് ശേഷം കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ ഐ എ ) കൈമാറി. സ്ഫോടന കൂടിയാലോചനയുമായി ബന്ധപ്പെട്ട് എടിഎസ് കണ്ടെത്തിയ തെളിവുകളും രേഖകളും കാണാനില്ലെന്നാണ് എന്‍ ഐ എ ഇപ്പോള്‍ കോടതിയില്‍ പറഞ്ഞത്. കേസില്‍ 198 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു. അറുപതിലേറെ പേരെക്കൂടി വിസ്തരിക്കാനുണ്ടെന്ന് എന്‍.ഐ.എ ഈയിടെ കോടതിയെ അറിയിച്ചത്.

Related News