Loading ...

Home Kerala

ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കര തൊട്ടതോടെ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യമന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഗുലാബ് ചുഴലിക്കാറ്റ് ഞായാറാഴ്ച രാത്രിയോടെ ഒഡിഷ-ആന്ധ്ര തീരം തൊട്ടു. പസഫിക് സമുദ്രത്തില്‍ ശക്തമായി തുടരുന്ന 'മിണ്ടുല്ലെ' ചുഴലിക്കാറ്റ് ദുര്‍ബലമായി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച്‌ വീണ്ടും ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കൂറില്‍ 50 കീ മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരളാതീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിരുന്നു. ഞായറാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും തെക്കന്‍ കേരളത്തിലെ പല തീരങ്ങളിലും മല്‍സ്യ ബന്ധന ഉപകരണങ്ങളും നങ്കൂരമിട്ടിരുന്ന വള്ളങ്ങളും തകര്‍ന്നിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
സെപ്റ്റംബര്‍ 28 : കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ഒക്ടോബര്‍ 01 : തിരുവനന്തപുരം, കൊല്ലം.

ഒഡീഷ, ആന്ധ്ര തീരങ്ങളിലെത്തിയ ഗുലാബ് ചുഴലിക്കാറ്റില്‍ മൂന്ന് മരണങ്ങളാണ് ആ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബോട്ട് തകര്‍ന്ന് രണ്ട് മത്സ്യത്തൊഴിലാളികളും വീട് തകര്‍ന്ന് വീണ് ഗൃഹനാഥനുമാണ് മരിച്ചത്. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആന്ധ്രയിലും കൊങ്കണ്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്.

95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ഗുലാബിന്‍റെ തീവ്രത കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. തെക്കന്‍ ഒഡീഷയിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലുമാണ് കാര്യമായ നാശനഷ്ടം. ആന്ധ്രയിലെ ശ്രീകാകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരില്‍ രണ്ട് പേര് ബോട്ടുതകര്‍ന്ന് മരിച്ചു. മൂന്ന് പേരെ കോസ്റ്റുഗാര്‍ഡ് രക്ഷപ്പെടുത്തി. ഒരാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഒഡീഷയിലെ ഗഞ്ജം ജില്ലയില്‍ വീട് തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ കെട്ടിടാവിശഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. മൂന്ന് പേരെ രക്ഷിച്ചെങ്കിലും ഗൃഹനാഥന്‍ മരിച്ചു.

മരങ്ങള്‍ വീണും മണ്ണിടിഞ്ഞു വിശാഖപട്ടണത്ത് അടക്കം ഗതാഗത തടസ്സമുണ്ടായി. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്. മുംബൈയിലും പൂനെയിലും കൊങ്കന്‍ മേഖലയിലും മഴ തുടരുകയാണ്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 34 ട്രെയിനുകള്‍ റദ്ദാക്കി. 17 എണ്ണം വഴിതിരിച്ചുവിട്ടു.

നാവികസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും അരലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ബുധനാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിലും മൂന്ന് ദിവസം കൂടി പരക്കെ മഴയുണ്ടാകും എന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Related News