Loading ...

Home Education

സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി : സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാവുന്നതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ ( ഐസിഎംആര്‍). എന്നാല്‍ വിവിധ തലത്തിലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കേണ്ടതാണ്. ആദ്യം പ്രൈമറി ക്ലാസ്സുകള്‍, പിന്നാലെ സെക്കന്‍ഡറി ക്ലാസ്സുകള്‍ എന്ന തരത്തില്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കാമെന്നും ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സ്കൂളുകളിലെ അധ്യാപകരെയും മറ്റു ജീവനക്കാരെയും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചു വൈറസ് ബാധ ഇല്ലെന്ന് ഉറപ്പാക്കണം. പ്രായഭേദമന്യേ എല്ലാവരും മാസ്ക്, സാനിറ്റൈസര്‍ ഉപയോഗവും അകലം പാലിക്കലും തുടരണം. 2021 ജൂണില്‍ ഇന്ത്യയില്‍ നടന്ന കോവിഡ് -19-ദേശീയ സെറോസര്‍വേയുടെ നാലാം റൗണ്ട് ഫലം ആറ് -17 വയസ് പ്രായമുള്ള കുട്ടികളില്‍ പകുതിയിലധികം പേരും സെറോപോസിറ്റീവ് ആണെന്ന് വെളിപ്പെടുത്തിയതായി ഐസിഎംആര്‍ അഭിപ്രായപ്പെട്ടു.

ഒന്നു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളില്‍ കൊറോണ വൈറസ് നേരിയ തോതില്‍ ബാധിച്ചേക്കാമെന്നാണ് ലഭ്യമായ തെളിവുകളില്‍നിന്നു മനസ്സിലാകുന്നത്. എന്നാല്‍, കുട്ടികളില്‍ രോഗബാധ ഗുരുതരമാകില്ല. മരണനിരക്കും കുറവാണെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കോവിഡിനു മുന്‍പുണ്ടായിരുന്നതു പോലെ വിവേകപൂര്‍വം സ്കൂളുകള്‍ക്കു പ്രവര്‍ത്തിക്കാമെന്ന് 'ദി ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌' പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ 500 ദിവസത്തിലേറെയായി സ്കൂളുകള്‍ അടച്ചിട്ടിരിക്കുന്നത് 320 ദശലക്ഷം കുട്ടികളുടെ പഠനത്തെ ബാധിച്ചെന്ന യുനെസ്കോ റിപ്പോര്‍ട്ടും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഓണ്‍ലൈന്‍ പഠനം വിദ്യാര്‍ഥികള്‍ക്കിടയില്‍ അസമത്വം സൃഷ്ടിച്ചെന്നും താണു ആനന്ദ്, ബല്‍റാം ഭാര്‍ഗവ, സമിരന്‍ പാണ്ഡ എന്നിവര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂളുകള്‍ തുറക്കാത്തതു മൂലം സാമൂഹിക ഇടപെടല്‍, കായികമായ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികളുമായുള്ള സൗഹൃദം എന്നിവയെല്ലാം തടസ്സപ്പെട്ടതായി സര്‍വേ സൂചിപ്പിക്കുന്നു.




Related News