Loading ...

Home National

ശ്രീനഗറില്‍നിന്ന്​ യു.എ.ഇയിലേക്ക്​ നേരിട്ട് ​വിമാന സര്‍വിസ്​ വരുന്നു

ശ്രീനഗര്‍: അന്താരാഷ്​ട്ര വ്യോമയാന ഭൂപടത്തിലേക്ക് വീണ്ടും ചുവടുവെക്കാനൊരുങ്ങി ജമ്മു കശ്മീര്‍. ഇതിന്‍റെ ആദ്യ പടിയായി ശ്രീനഗറില്‍നിന്ന് യു.എ.ഇയിലെ​ ഷാര്‍ജയിലേക്ക്​ നേരിട്ട്​ വിമാന സര്‍വിസ്​ ആംഭിക്കുന്നു. ഇരു നഗരങ്ങള്‍ക്കിടയില്‍ ആദ്യ​ത്തെ വാണിജ്യ വിമാന സര്‍വിസ്​ ആരംഭിക്കാന്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കി.

ഇത് ജമ്മു കശ്മീരിനും ജനങ്ങള്‍ക്കും ചരിത്രപരമായ ചുവടുവെപ്പായിരിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. വിദേശ വിനോദ സഞ്ചാരികള്‍ക്ക് നേരിട്ട് ശ്രീനഗറിലെത്താന്‍ സര്‍വിസ്​ സഹായിക്കും.

ഇരു നഗരങ്ങളും തമ്മില്‍ ധാരാളം വ്യാപാരികള്‍ നിരന്തരം യാത്ര ചെയ്യാറുണ്ട്​. ഇതാണ്​ ഷാര്‍ജയെ തിരഞ്ഞെടുക്കാന്‍ കാരണം. ഇതിന്‍റെ ഭാഗമായി ഇമിഗ്രിഷേന്‍ സൗകര്യങ്ങള്‍ ശ്രീനഗറില്‍ സജ്ജമാക്കിയിട്ടുണ്ട്​. ഈ സര്‍വിസ്​ ദുബൈയിലേക്കും അബൂദബിയിലേക്കും എത്തിച്ചേരാനുള്ള സൗകര്യപ്രദമായ ട്രാന്‍സിറ്റ് പോയിന്‍റായി വര്‍ത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശ്രീനഗര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഉടന്‍ പുനരാരംഭിക്കും. ശ്രീനഗര്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 25,000 ചതുരശ്ര മീറ്ററില്‍നിന്ന് 63,000 ചതുരശ്ര മീറ്ററായി വികസിപ്പിക്കും. ശ്രീനഗര്‍ വിമാനത്താവളത്തില്‍ 1500 കോടി രൂപയും ജമ്മുവില്‍ 600 കോടി രൂപയും ചെലവഴിക്കുമെന്നും മന്ത്രി വ്യക്​തമാക്കി.

ശ്രീനഗര്‍ വിമാനത്താവളത്തില്‍ 15 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ കാര്‍ഗോ ടെര്‍മിനല്‍ ഒക്ടോബര്‍ ഒന്നിന് പ്രവര്‍ത്തനക്ഷമമാകും. മോശം കാലാവസ്​ഥയെത്തുടര്‍ന്ന്​ വിമാനങ്ങള്‍ റദ്ദാക്കുന്നത്​ തടയാന്‍ നടപടി സ്വീകരിക്കും. സി‌.എ‌.ടി -2 ഐ‌.എല്‍.‌എസ് സംവിധാനം സ്ഥാപിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ജമ്മു കശ്മീര്‍ ഭരണകൂടവും പ്രതിരോധ മന്ത്രാലയവുമായി ചര്‍ച്ച നടത്തും.

ശൈത്യകാലത്ത് എയര്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നത്​ പരിശോധിക്കുമെന്ന്​ സിന്ധ്യ പറഞ്ഞു. എല്ലാവരും ഒരുമിച്ച്‌​ ടിക്കറ്റ്​ നിരക്ക്​ വര്‍ധിപ്പിക്കുന്നത്​ തടയാന്‍ നടപടി സ്വീകരിക്കും. ടിക്കറ്റ്​ നിരക്ക്​ ഉയരുന്നത്​ ഒഴിവാക്കാനുള്ള മികച്ച മാര്‍ഗം കൂടുതല്‍ സര്‍വിസുകള്‍ കൊണ്ടുവരികയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Related News