Loading ...

Home cinema

സിനിമയില്‍ നാം എവിടെ നില്‍ക്കുന്നു?

ജോസ് ഡേവിഡ്‌എഴുപതുകളില്‍ ഉയര്‍ന്നുപൊന്തിയ നവതരംഗ വേലിയേറ്റം അപ്രത്യക്ഷമാകുന്നുവെന്നും മലയാളത്തിന്റെ ചലച്ചിത്രസംസ്‌കാരം ഇന്നും പ്രാകൃത രൂപത്തിലാണെന്നും വിളിച്ചോതുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമേള കൂടി തിരി താഴ്ത്തി.
ഒറ്റയ്ക്കും തെറ്റയ്ക്കും ചില ചലച്ചിത്രങ്ങള്‍ മിന്നിമറയുന്നുണ്ടെങ്കിലും സിനിമയെ ഒരു ഗൗരവതരമായ കലാസൃഷ്ടിയായി കണ്ട്, ജീവിതാഭിമുഖ്യമുള്ള പ്രമേയങ്ങളോടെ സിനിമ തയാറാക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണനും ജി അരവിന്ദനും ഷാജി എന്‍ കരുണിനും ശേഷം നല്ല സിനിമകളുടെ പക്ഷത്തേക്ക് ചേര്‍ത്തുനിര്‍ത്താന്‍ എത്ര പേരുണ്ട് നമുക്ക്?
നാടിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക അവസ്ഥകള്‍ കൂടി പരിഗണിച്ചുകൊണ്ടേ ഈ തകര്‍ച്ചയുടെ കാരണങ്ങള്‍ നമുക്ക് അനേ്വഷിച്ചറിയാന്‍ കഴിയൂ. സമൂഹത്തിന്റെ അപചയങ്ങള്‍ സിനിമയിലേക്കും പ്രതിഫലിച്ചുകാണുന്നു. നാടോടുമ്പോള്‍ നടുവേ എന്ന മട്ടില്‍ സിനിമയും.
ഇനി സമൂഹം മാറിയശേഷം സിനിമയ്ക്കും മാറാമെന്നാണെങ്കില്‍, സിനിമയുടെ ധര്‍മം സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയാവുകയെന്നതല്ലേ എന്നു നമുക്ക് ചോദിക്കേണ്ടിവരും. സിനിമ മാറ്റത്തിന്റെ വലിയ ആയുധമാണെന്നു ആദ്യം തിരിച്ചറിഞ്ഞ ലോകപ്രതിഭകളില്‍ ഒരാളാണ് ലെനിന്‍. റഷ്യന്‍ സിനിമ ഐസന്‍സ്റ്റീന്‍ എന്ന അതുല്യപ്രതിഭയുടെ പിന്‍തലമുറകളിലെ എണ്ണം പറഞ്ഞ സംവിധായകരുടെ കയ്യില്‍ ഇന്നും സുരക്ഷിതമാണെങ്കിലും ലെനിനെപോലുള്ള ഭരണാധികാരികള്‍ സിനിമയെ വളര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചുവെന്നത് നാം ഓര്‍ക്കണം. യുഎസ്എസ്ആറിന്റെ ചലച്ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ മുഖ്യയായി ലെനിന്റെ ഭാര്യ നദേഷ്ദ കൃപ്‌സ്‌കായയെ ലെനിന്‍ നിശ്ചയിക്കുകയും ചെയ്തു.
കേരളത്തില്‍ ലെനിനിസ്റ്റുകള്‍ ദീര്‍ഘകാലം ഭരിച്ചിട്ടുണ്ട്, ഭരണം തുടരുന്നുമുണ്ട്. പക്ഷേ ഇന്നും ഒരു ചലച്ചിത്രനയം ഈ സംസ്ഥാനത്തിനു രൂപീകരിക്കാനായിട്ടില്ല.
വാണിജ്യസിനിമകള്‍ അരങ്ങുവാഴുന്ന ചലച്ചിത്രരംഗത്തു മൂല്യവത്തായ സിനിമകള്‍ പുറത്തുകൊണ്ടുവരാന്‍ പുതിയ തലമുറ അറയ്ക്കുന്നതിന്റെ കാരണങ്ങളും ഏറെയാണ്. അതില്‍ മുഖ്യം, ചലച്ചിത്ര നിര്‍മാണത്തിന് വരുന്ന ഭീമമായ ചെലവാണ്. ക്യാമറയും എഡിറ്റിങ്ങും കളര്‍ കറക്ഷനും ഷൂട്ടിങ് ചെലവും താങ്ങാന്‍ കഴിയാത്തവിധം, അഥവാ സിനിമാസ്വപ്നങ്ങള്‍ കൊണ്ടുനടക്കുന്ന യുവാക്കളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പര്യാപ്തമാകും വരെ ഭീമമാണ്. ലോ ബജറ്റ് ചിത്രങ്ങള്‍ എന്ന പേരില്‍ പുറത്തുവരുന്ന സിനിമകള്‍ക്ക് ലോകസിനിമാ വേദിയില്‍ ഒരു സ്ഥാനവും കിട്ടുന്നില്ലെന്നതോ പോകട്ടെ പരിഗണനാര്‍ഹം പോലുമല്ലാതായി മാറുന്നു.
അതിലുമേറെ പ്രധാനപ്പെട്ട മറ്റൊന്ന്, മലയാളികള്‍ ഒരു സിനിമാ ആസ്വാദന ശീലത്തില്‍ നിന്നും വളരെ അകലെയാണെന്നതാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ അഭിമുഖ്യത്തില്‍ പറഞ്ഞതുപോലെ ”കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ ജനിച്ച മലയാളികള്‍ നല്ല സിനിമ കണ്ടിട്ടേയില്ല.” സിനിമയുടെ രൂപത്തില്‍ കൃത്രിമമായി ഇറക്കുന്ന എന്തോ ഒന്നിനെ അവര്‍ സിനിമയായി തെറ്റിദ്ധരിക്കുന്നു. അത്തരം നിര്‍മാണങ്ങള്‍ മാത്രമാണ് ടെലിവിഷനിലൂടെ, സിനിമയുടെ ഒരു അര്‍ധപതിപ്പെന്നു പറയാവുന്ന സീരിയലുകളിലൂടെ അവര്‍ കണ്ടു പരിചയിക്കുന്നത്.
ഈ ചലച്ചിത്രമേള സമഗ്രസംഭാവനയ്ക്ക് ആദരിച്ച അലക്‌സാണ്ടര്‍ സൊഖുറോവ് പറഞ്ഞതു ”റഷ്യ സിനിമ ഒരു വിനോദമായല്ല കാണുന്നതെന്നും ഇന്ത്യയില്‍ അത് വിനോദമായിരിക്കുന്നത് അത്ഭുതപ്പെടുത്തുന്നു”വെന്നുമാണ്.
അതെ, സിനിമ ഗൗരവതരമായ ഒരു ജീവിത ഇടപെടലാണെന്നു അംഗീകരിക്കുമ്പോഴേ സമൂഹത്തില്‍ നല്ല ചലച്ചിത്രങ്ങള്‍ രൂപം കൊള്ളൂ. നല്ല ചിത്രങ്ങള്‍ ജനിക്കുമ്പോഴേ സമൂഹം നന്മയിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെടൂ.
സിനിമ ഒരിക്കലും പണം സമ്പാദിക്കാനുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആര്‍ത്തിയുടെ മാധ്യമമാകരുത്. മനുഷ്യരുടെ ദുരയും ആര്‍ത്തിയും കച്ചവടത്തിന്റെ ദുഷ്ടലാക്കുമൊക്കെ ഇതിവൃത്തമാക്കി പണമുണ്ടാക്കണമെന്ന അത്യാര്‍ത്തിയോടെ മാത്രം സിനിമാ രംഗത്തിറങ്ങുന്നവര്‍ക്കെതിരെ രംഗത്തുവരാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്.
കേരള സമൂഹം ഗൗവരതരമായി ഇടപെടേണ്ട മേഖലയാണ് സിനിമയെന്ന് നാം തിരിച്ചറിയണം. യഥാര്‍ഥ സിനിമയ്ക്ക് വേണ്ടിയുള്ള ഏത് ചെറിയ നീക്കവും. അങ്ങനെ മുന്നോട്ടുവരുന്ന ഏത് ചലച്ചിത്ര പ്രവര്‍ത്തകനും പ്രോത്സാഹിപ്പിക്കപ്പെടാനുള്ള ഭൗതിക സാഹചര്യം കേരളം ഒരുക്കിക്കൊടുക്കണം. സിനിമ എന്താണെന്ന് നമ്മുടെ വിദ്യാര്‍ഥികള്‍ താഴ്ന്ന ക്ലാസ് മുതല്‍ പഠിച്ചുതുടങ്ങുകയും സിനിമ നിര്‍മിക്കാന്‍ ശ്രമിച്ചുതുടങ്ങുകയും വേണം.
ഒരു സമൂഹവും ഒറ്റ ദിവസംകൊണ്ട് വിപ്ലവകരമായ മാറ്റങ്ങളാല്‍ സമൃദ്ധമാക്കപ്പെടില്ല. ഇനിയെങ്കിലും നാം പുതിയ സിനിമാ രീതികള്‍ക്കായി ക്രിയത്മകമായ നീക്കങ്ങള്‍ നടത്തുന്നില്ലെങ്കില്‍ കേരളത്തിന്റെ ഭാവിക്കുമേല്‍ കരിനിഴലുകള്‍ വീഴാം.

Related News