Loading ...

Home International

വാവേയ്​ സി.എഫ്​.ഒയെ മോചിപ്പിച്ച്‌​ കാനഡ; വര്‍ഷങ്ങള്‍ നീണ്ട പ്രതിസന്ധിക്ക്​ പരിഹാരം

വാഷിങ്​ടണ്‍: ചൈനീസ്​ ടെക്​ ഭീമന്‍ വാവേയുടെ സി.എഫ്​.ഒ മെങ്​ വാന്‍ഷോവിനെ മോചിപ്പിച്ച്‌​ ​കാനഡ. യു.എസ്​ ജസ്റ്റിസ്​ ഡിപ്പാര്‍ട്ട്​മെന്‍റുമായി വാന്‍ഷോ കരാറുണ്ടാക്കിയതിന്​ പിന്നാലെയാണ്​ മോചനം. 2022 അവസാനം വരെ വാവേയ്​ സി.എഫ്​.ഒക്കെതിരെ നിയമനടപടികളുണ്ടാവില്ലെന്ന്​ യു.എസ്​ നീതി വകുപ്പ്​ അറിയിച്ചു. അതി​ന്​ ശേഷം ഇവര്‍ക്കെതിരായ കേസുകള്‍ ഒഴിവാക്കുന്നത്​ സംബന്ധിച്ച്‌​ തീരുമാനമുണ്ടാവും. 2018 ഡിസംബറിലാണ്​ കാനഡ വാന്‍ഷോയെ തടഞ്ഞുവെച്ചത്​.

യു.എസുമായുണ്ടാക്കിയ കരാര്‍ പ്രകാരം മെങ്ങിന്​ ചൈനയിലേക്ക്​ മടങ്ങാം. ഇതുപ്രകാരം ചൈനീസ്​ സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തില്‍ അവര്‍ കാനഡയില്‍ നിന്ന്​ ബീജിങ്ങിലേക്ക്​ മടങ്ങി. ഇതിന്​ പിന്നാലെ ചൈനീസ്​ കസ്റ്റഡിയിലുണ്ടായിരുന്ന രണ്ട്​ കനേഡിയന്‍ പൗരന്‍മാരെ മോചിപ്പിച്ചെന്ന്​ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റില്‍ ട്രൂഡോയും പറഞ്ഞു. യു.എസ്​, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട പ്രതിസന്ധിക്കാണ്​ ഇതോടെ പരിഹാരമാകുന്നത്​.

ഇറാന്‍ കമ്ബനി സ്​കൈകോമുമായുള്ള കരാറില്‍ എച്ച്‌​.എസ്​.ബി.സി ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചുവെന്നതാണ്​ വാവേയ്​ സ്ഥാപകന്‍ റെന്‍ ഷെങ്​ഫിയുടെ മകള്‍ക്കെതിരായി യു.എസ്​ ചുമത്തിയ കുറ്റം. എച്ച്‌​.എസ്​.ബി.സി ബാങ്കിനുണ്ടായ നഷ്​ടത്തിന്‍റെ ബാധ്യത മെങ്​ വാന്‍ഷോ ഏറ്റെടുത്തുവെന്നാണ്​ വിവരം. ഇതാണ്​ കരാറിലെത്തുന്നതിന്​ വഴിയൊരുക്കിയത്​.

Related News