Loading ...

Home International

സുരക്ഷയും ഭീകരതയും ചര്‍ച്ചയാക്കി ക്വാഡ് രാഷ്​ട്രത്തലവന്മാര്‍; പാക്​ വിഷയം ഉന്നയിച്ച്‌​ ഇന്ത്യ

വാഷിങ്​ടണ്‍: ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡനുമായി നടത്തിയ ചര്‍ച്ചയിലും അഫ്​ഗാനിസ്​താനിലെ പാകിസ്​താന്‍റെ ഇടപെടലും തീവ്രവാദത്തിന്​ അവര്‍ പ്രോത്സാഹനം നല്‍കുന്നതും ഇന്ത്യ ചൂണ്ടിക്കാണിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്​ല പറഞ്ഞു. രാജ്യസുരക്ഷയും ഭീകരതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ്​ ക്വാഡ് രാഷ്​ട്ര തലവന്മാരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയത്​.

അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡനുമായി മോദിയുടെ കൂടിക്കാഴ്​ചക്ക്​ പിന്നാലെയാണ്​ ക്വാഡ് രാജ്യത്തലവന്മാര്‍ ആദ്യയോഗം ചേര്‍ന്നത്​. ഇന്ത്യക്കും അമേരിക്കക്കും പുറമെ ആസ്ട്രേലിയയും ജപ്പാനും ചേര്‍ന്നതാണ്​ ക്വാഡ്. വൈറ്റ്​ ഹൗസാണ്​ ആദ്യയോഗത്തിന്​ വേദിയായത്​.

ജോ ബൈഡ​‍െന്‍റ അധ്യക്ഷതയിലാണ്​ യോഗം ചേര്‍ന്നത്​. ആഗോളനന്മക്കായുള്ള സേനയായി പ്രവര്‍ത്തിക്കാന്‍ ഈ ചതുര്‍രാഷ്​ട്ര സഖ്യത്തിനാകണമെന്ന്​ ബൈഡന്‍ പറഞ്ഞു. നാല്​ ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്​മാണിത​്​. കോവിഡ്​ മുതല്‍ കാലാവസ്​ഥ വ്യതിയാനംവരെയുള്ള കാര്യങ്ങള്‍ക്ക്​ സഹകരിച്ച്‌​ പോരാടാനാകണം. ഇന്തോ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന്​ ബൈഡന്‍ ആവര്‍ത്തിച്ചു.

ലോകത്ത്​, വിശിഷ്യാ ഇന്തോ- പസഫിക്​ മേഖലയില്‍ സമാധാനവും ഐശ്വര്യവും കൊണ്ടുവരാന്‍ ക്വാഡ്​ രാഷ്​ട്രങ്ങളുടെ സഹകരണംകൊണ്ട്​ സാധിക്കുമെന്ന്​ മോദി പ്രത്യാശ പ്രകടിപ്പിച്ചു. ലോക നന്മക്കായി ഒരുമിച്ച്‌​ പ്രവര്‍ത്തിക്കാനുള്ള അവസരമായാണ്​ ഇന്ത്യ ഇതിനെ കാണുന്നത്​. 2004ലെ സൂനാമിക്കുശേഷം ഇതാദ്യമായാണ്​ ഒത്തുചേര്‍ന്ന്​ പ്രവര്‍ത്തിക്കാനുള്ള അവസരം വരുന്നത്​. ഇന്തോ - പസഫിക്​ രാഷ്​ട്രങ്ങളില്‍ കോവിഡ്​ വാക്​സിന്‍ എത്തിക്കാന്‍ ഈ കൂട്ടായ്​മ ഏറെ സഹായകരമാകുമെന്നും ത​‍െന്‍റ ഹ്രസ്വമായ പ്രസംഗത്തില്‍ മോദി ചൂണ്ടിക്കാട്ടി.

ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരും യോഗത്തില്‍ കൂട്ടായ്​മയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്തും അടിസ്​ഥാന സൗകര്യവികസനത്തിലും ഒരുമിച്ച്‌​ പ്രവര്‍ത്തിക്കാന്‍ ധാരണയായി.

യോഗശേഷം രാഷ്​ട്രനേതാക്കള്‍ ഭാവിപ്രവര്‍ത്തനം സംബന്ധിച്ച സംയുക്​ത പ്രഖ്യാപനം നടത്തുമെന്ന്​ വൈറ്റ്​ ഹൗസ്​ വക്​താവ്​ പറഞ്ഞു. ശനിയാഴ്ച ന്യൂയോര്‍ക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍ പൊതുസഭയില്‍ സംസാരിക്കും. ഐക്യരാഷ്​ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തോടെയാണ് പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനം അവസാനിക്കുക.

Related News