Loading ...

Home International

ദക്ഷിണ കൊറിയക്ക് നേരെ സൗഹൃദ ഹസ്തം നീട്ടി ഉത്തരകൊറിയ

സോള്‍: ദക്ഷിണകൊറിയയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് ഉത്തരകൊറിയ. ദക്ഷിണകൊറിയയുടെ ശത്രുതാപരമായ നീക്കങ്ങളും ഇരട്ടത്താപ്പും ഒഴിവാക്കിയാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറെന്നാണ് കിം യോ ജോംങ് വ്യക്തമാക്കിയത്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ സഹോദരിയാണ് കിം യോ ജോംങ്.

1950 മുതല്‍ 1953 വരെ നീണ്ടുനിന്ന കൊറിയന്‍ യുദ്ധത്തിന് ശേഷം കൊറിയന്‍ രാജ്യങ്ങളില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഉത്തരകൊറിയയുടെ ക്ഷണം എന്നാണ് റിപ്പോര്‍ട്ട്.മുന്‍പ് ഇരുരാജ്യങ്ങളിലും സമാധാന അന്തരീക്ഷം കൊണ്ടുവരുന്നതിനായിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്റായ മൂണ്‍ ജേ ഇന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. ദക്ഷിണകൊറിയന്‍ നേതാവിന്റെ ഈ ശ്രമങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് കിം യോ ജോങിന്റെ പ്രസ്താവന.

ദക്ഷിണ കൊറിയ ഇരട്ടത്താപ്പ് ഉപേക്ഷിക്കുകയും വാക്കിലും പ്രവൃത്തിയിലും ആത്മാര്‍ത്ഥത കൊണ്ടുവരികയും ചെയ്താല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് കിം യോ ജോംങ് വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുന്‍പ് മണിക്കൂറുകളുടെ വിത്യാസത്തില്‍ ദക്ഷിണ-ഉത്തര കൊറിയകള്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. ഉത്തരകൊറിയുടെ ഹ്വസ്വദൂര മിസൈല്‍ പരീക്ഷണത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കുന്ന ആദ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയ അറിയിച്ചത്.
തുടരെ തുടരെ ഇരു രാജ്യങ്ങളും മിസൈല്‍ പരീക്ഷിക്കുന്നത് ലോകരാജ്യങ്ങള്‍ക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇരു രാജ്യങ്ങളുടെയും മിസൈല്‍ പരീക്ഷണങ്ങളെ താക്കീത് ചെയ്ത് അമേരിക്കയടക്കം രംഗത്ത് വന്നിരുന്നു.ഈ സാഹചര്യത്തില്‍ കിം യോ ജോംങിന്റെ പുതിയ പ്രസ്താവന ഇരു രാജ്യങ്ങള്‍ക്കിടയിലെ മഞ്ഞുരുക്കുമെന്നാണ് കരുതുന്നത്.

Related News