Loading ...

Home International

അഫ്ഗാനിലെ ജലാലാബാദില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനിലെ കിഴക്കന്‍ മേഖലയായ നംഗര്‍ഹറിലെ ജലാലാബാദ് നഗരത്തില്‍ തുടര്‍ച്ചയായുണ്ടായ സ്‌ഫോടനങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് സ്‌ഫോടനങ്ങളില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടനെ തന്നെ പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജലാലാബാദില്‍ തന്നെ നടന്ന മറ്റൊരു ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം പ്രദേശവാസികളാണെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വെടിവയ്പ്പ് നടത്തിയ അജ്ഞാതനെ കുറിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

നംഗര്‍ഹറില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഓഗസ്റ്റില്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ഇവര്‍ ഏറ്റെടുത്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ നീക്കങ്ങള്‍ രാജ്യത്തിന് ഭീഷണി അല്ലെന്ന താലിബാന്‍ വക്താവിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ഇസ്ലാമിക് സ്‌റ്റേറ്റിനെ പ്രതിരോധിക്കാന്‍ താലിബാന്‍ സജ്ജമാണെന്നും സബിഹുള്ള അവകാശപ്പെട്ടിരുന്നു.

Related News