Loading ...

Home International

ചായയില്‍ പൊളോണിയം കലര്‍ത്തി ലിത്വിനെങ്കോയെ കൊന്നത് റഷ്യന്‍ ഭരണകൂടം തന്നെയെന്ന് യുറോപ്യന്‍ കോടതി

മുന്‍ റഷ്യന്‍ ചാരന്‍ അലക്സാണ്ടര്‍ ലിത്വിനെങ്കോയെ കൊന്നത് റഷ്യന്‍ ഭരണകൂടം തന്നെയെന്ന് യുറോപ്യന്‍ മനുഷ്യാവകാശ കോടതി വിധിച്ചു. 2006 ല്‍ ലണ്ടനില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ലിത്വിനെങ്കോയുടെ വിധവ മറീന നല്‍കിയ കേസാണിത്. കൊലപാതകത്തില്‍ റഷ്യന്‍ പ്രസിഡന്‍റ്​ വ്ലാദിമിര്‍ പുടിന്‍റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായെന്ന ആരോപണം നേരത്തെയുണ്ട്​. മരണത്തിന്​ മുമ്ബ്​ ലിത്വിനെങ്കോ തന്നെ പുടിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

ലണ്ടനിലെ ആഡംബര ഹോട്ടലില്‍ ലിത്വിനെങ്കോയെ കാണാനെത്തിയവര്‍ അദ്ദേഹമറിയാതെ ഗ്രീന്‍ ടീയില്‍ റേഡിയോ ആക്ടീവ് വിഷവസ്തുവായ പൊളോണിയം 210 കലര്‍ത്തി നല്‍കുകയായിരുന്നു. ഗുരുതരാവസ്​ഥയിലായ ലിത്വിനെങ്കോ മൂന്ന്​ ആഴ്ചകള്‍ക്കു ശേഷം ആശുപത്രിയില്‍ വെച്ചാണ്​ മരിക്കുന്നത്​. തന്നെ വധിക്കാന്‍ വ്ലാദിമിര്‍ പുടിന്​ നേരിട്ട്​ ഉത്തരവ്​ നല്‍കിയതായി വിശ്വസിക്കുന്നുവെന്ന്​ ആശുപത്രികിടക്കയില്‍ വെച്ച്‌​ ലിത്വിനെങ്കോ പറഞ്ഞിരുന്നു.

റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലിത്വിനെങ്കോ പിന്നീട് ​ആ ജോലി ഉപേക്ഷിക്കുകയും റഷ്യന്‍ വിമര്‍ശകനായി മാറുകയും ചെയ്​തിരുന്നു. ബ്രിട്ടനിലേക്കു കുടിയേറുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്ത ലിത്വിനെങ്കോ ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ 6നു വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ലണ്ടനിലെ ഹോട്ടലില്‍ കാണാനെത്തിയവര്‍ അദ്ദേഹത്തിന്‍റെ ചായയില്‍ വിഷം കലര്‍ത്തുകയായിരുന്നെന്ന് ബ്രിട്ടിഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ 2016 ല്‍ കണ്ടെത്തിയിരുന്നു. ലിത്വിനെങ്കോയെ സന്ദര്‍ശിച്ച കെജിബി മുന്‍ ജീവനക്കാരനായ ആന്ദ്രെ ലുഗോവോയും ദിമിത്രി കോവ്‌തനും ഈ കൃത്യം നടത്തിയത് റഷ്യന്‍ ഭരണകൂടത്തിന്‍റെ ആസൂത്രണം അനുസരിച്ചാണെന്നാണ് ബ്രിട്ടിഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്​. ഈ കണ്ടെത്തല്‍ ശരിവച്ചുകൊണ്ടാണ്​ യൂറോപ്യന്‍ കോടതിയുടെ വിധി. ലിത്വിനെങ്കോയുടെ വിധവ മറീനയ്ക്ക് 1,22,500 പൗണ്ട് റഷ്യ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിലുണ്ട്.അതേസമയം, കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം റഷ്യ നിഷേധിച്ചിട്ടുണ്ട്​.


Related News