Loading ...

Home Kerala

മന്ത്രിമാര്‍ക്ക് ഇന്ന് മുതല്‍ ക്ലാസുകള്‍ തുടങ്ങും: പ്രകടനം മെച്ചപ്പെടുത്താന്‍ മൂന്ന് ദിവസത്തെ പരിശീലനം

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്കുള്ള ക്ലാസുകള്‍ ഇന്ന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസത്തെ പരിശീലന പരിപാടിയില്‍ പത്ത് സെഷനാണുള്ളത്. ഭരണ സംവിധാനത്തെ കുറിച്ച്‌ മന്ത്രിമാര്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഭരണ രംഗത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വകുപ്പുകളെ കുറിച്ചുമാണ് പരിശീലന പരിപാടി.

അധികാരത്തില്‍ എത്തി 100 ദിവസം പൂര്‍ത്തിയാക്കിയിട്ടം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മന്ത്രിമാരുടെ പ്രവര്‍ത്തനം ഉയരാത്തതും ഇത്തരമൊരു പരിശീലന പദ്ധതിയിലേക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചു. ക്ലാസുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി തന്നെ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലെ ചതിക്കുഴികള്‍ അടക്കം പരിശീലന വിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭരണസംവിധാനത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുക, ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രിയെന്ന ടീം ലീഡര്‍ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം. മുന്‍ കാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖറാണ് ഭരണസംവിധാനത്തെക്കുറിച്ച്‌ വിശദീകരിക്കുക. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച്‌ യു. എന്‍ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി ആശയവിനിമയം നടത്തും. തുടര്‍ന്ന് ഒരു ടീമിനെ നയിക്കുന്നത് സംബന്ധിച്ച്‌ ഐ. ഐ. എം മുന്‍ പ്രൊഫസറും മാനേജീരിയല്‍ കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ പ്രൊഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളി സംസാരിക്കും.

രണ്ടാം ദിവസമായ 21ന് രാവിലെ ആദ്യ സെഷനില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച്‌ നീതി ആയോഗ് സി. ഇ. ഒ അമിതാഭ് കാന്ത് സംസാരിക്കും. ഇതിനു ശേഷം മന്ത്രിമാരുടെ ഉയര്‍ന്ന പ്രകടനത്തെ സംബന്ധിച്ച്‌ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്. ഡി. ഷിബുലാല്‍ ഓണ്‍ലൈനില്‍ സംവദിക്കും. ഫണ്ടിംഗ് ഏജന്‍സികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും ലോകബാങ്ക് മുഖ്യ മൂല്യനിര്‍ണയ വിദഗ്ധയും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ ജെന്‍ഡര്‍ ഉപദേശകയുമായ ഡോ. ഗീതാഗോപാല്‍ സംസാരിക്കും.

മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഐ. എം. ജി ഡയറക്ടര്‍ കെ. ജയകുമാര്‍ വിശദമാക്കുക. മാറ്റത്തിനുള്ള ഉപകരണം എന്ന നിലയില്‍ ഇ ഗവേണന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ 22ന് രാവിലെ നടക്കുന്ന സെഷനില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് സംസാരിക്കും.

മികച്ച ഫലം ലഭിക്കുന്നതിനായി പ്രചോദനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച്‌ കേന്ദ്ര മുന്‍ സെക്രട്ടറി അനില്‍ സ്വരൂപാണ് ആശയവിനിമയം നടത്തുന്നത്. സമൂഹ മാദ്ധ്യമങ്ങളിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ സാധ്യതകളും എന്ന വിഷയത്തെക്കുറിച്ച്‌ സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സ്ഥാപകരായ നിധി സുധനും വിജേഷ് റാമും അവതരിപ്പിക്കുന്ന സെഷനോടെ മൂന്ന് ദിവസത്തെ പരിശീലന പരിപാടി സമാപിക്കും.

Related News