Loading ...

Home National

ചരണ്‍ജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി


ചണ്ഡീഗഡ്: ചരണ്‍ജിത് സിങ് ചന്നിയെ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗമാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. യോഗത്തില്‍ സുഖ് ജീന്ദര്‍ സിങ് രണ്‍ദാവയാണ് ചരണ്‍ജിത്തിന്‍റെ പേര് നിര്‍ദേശിച്ചത്. മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത് ആണ് പുതിയ മുഖ്യമന്ത്രിയുടെ പേര് ട്വീറ്റ് ചെയ്തത്.

പി.സി.സി അധ്യക്ഷന്‍ നവജോത് സിങ് സിദ്ദുവിനെ പിന്തുണക്കുന്ന 62കാരനായ ചരണ്‍ജിത് സിങ് മൂന്നു തവണ എം.എല്‍.എയായിരുന്നു. ക്യാപ്​റ്റന്‍ അമരീന്ദര്‍ സിങ്​ മന്ത്രിസഭയില്‍ ജയില്‍, കോര്‍പറേഷന്‍ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഗുര്‍ദാസ് പൂര്‍ ജില്ലക്കാരനായ അദ്ദേഹം പി.സി.സി മുന്‍ ഉപാധ്യക്ഷനായിരുന്നു. കൂടാതെ, ചരണ്‍ജിത് സിങ്ങിന്‍റെ പിതാവ് സന്‍തോക് സിങ് രണ്ടു തവണ പി.സി.സി അധ്യക്ഷ പദം അലങ്കരിച്ചിട്ടുണ്ട്.

പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ കോണ്‍ഗ്രസ്​ നിയമസഭ കക്ഷി യോഗം നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. മുന്‍ പി.സി.സി പ്രസിഡന്‍റ്​ സുനില്‍ ഝാക്കര്‍, പ്രതാപ്​സിങ്​ ബജ്​വ, രവ്​നീത്​സിങ്​ ബിട്ടു എന്നിവരുടെ പേരുകളാണ് മുഖ്യമ​ന്ത്രി പദത്തിലേക്ക് ഉ‍യര്‍ന്നു കേട്ടത്.

പ​ഞ്ചാ​ബി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സി​ല്‍ നാ​ളു​ക​ളാ​യി തു​ട​രു​ന്ന ഉ​ള്‍​പ്പോ​രി​നൊ​ടു​വി​ലായിരുന്നു അമരീന്ദര്‍ സിങ്​ രാ​ജിവെച്ചത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എല്‍.എമാര്‍ ഹൈകമാന്‍ഡിനെ സമീപിച്ചതോടെ​ അമരീന്ദര്‍ സിങ്​ ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. അ​പ​മാ​നി​ത​നാ​യാ​ണ്​ പ​ടി​യി​റ​ങ്ങു​ന്ന​തെ​ന്ന് രാ​ജിവെച്ച​ ശേ​ഷം അ​മ​രീ​ന്ദ​ര്‍ സിങ് പ്രതികരിച്ചിരുന്നു.

Related News