Loading ...

Home National

പ്രവാസികള്‍ക്ക് ആധാര്‍ ബാന്ധവം വേണ്ടെന്ന് പിന്നെയും എംബസികള്‍

കെ രംഗനാഥ്
ദുബായ്: പ്രവാസികളെ ആധാര്‍ കാര്‍ഡ് വളഞ്ഞിട്ട് വേട്ടയാടുന്നതിനിടയില്‍ പിന്നെയും ന്യായങ്ങള്‍ നിരത്തി ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍.
ആധാറിനെ പാന്‍കാര്‍ഡുമായും മൊബൈലുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ അന്ത്യശാസനത്തിനിടയില്‍ പരിഭ്രാന്തരായ പ്രവാസികളെ സമാധാനിപ്പിക്കാന്‍ വേണ്ടിയാണ് എംബസികളുടെ വിശദീകരണം. പ്രവാസികള്‍ ആധാര്‍ കാര്‍ഡിന് അര്‍ഹരല്ലെന്നും അതുകൊണ്ടുതന്നെ ആധാറിന്റെ പാന്‍ – മൊബൈല്‍ ബാന്ധവത്തിനും പ്രസക്തിയില്ലെന്നാണ് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഇന്നലെ വിശദീകരണ കുറിപ്പിറക്കിയത്.
ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രം നല്‍കുന്നതാണ് ആധാര്‍കാര്‍ഡ്. 182 ദിവസമോ അതിലധികമോ തുടര്‍ച്ചയായി വിദേശത്ത് താമസിക്കുന്നവര്‍ പ്രവാസിയുടെ നിര്‍വചനത്തില്‍ വരുന്നതിനാല്‍ ആധാര്‍ നിയമത്തിലെ മൂന്നാം വകുപ്പനുസരിച്ച് പ്രവാസികള്‍ ആധാര്‍ കാര്‍ഡിനര്‍ഹരല്ലെന്നും അതിനാല്‍ ഇതിനെ മറ്റുള്ളവയുമായി ബന്ധിപ്പിക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നുമാണ് എംബസികള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഒരു വര്‍ഷത്തിനിടെ 182 ദിവസം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കുന്നവര്‍ അവര്‍ പ്രവാസികളാണെങ്കിലും ആധാറിന് അപേക്ഷിക്കാം.
ആധാര്‍ അതോറിറ്റി മേധാവി ഡോ. അജയ് ഭൂഷണ്‍ പാണ്ഡേ ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ഇത്തരമൊരു വിശദീകരണം ലോകത്തെ എല്ലാ എംബസികള്‍ വഴിയും നല്‍കിയിരുന്നെങ്കിലും പ്രവാസികള്‍ നാട്ടില്‍ ചെന്നപ്പോള്‍ കഥ മാറി. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി അത്യാവശ്യകാര്യങ്ങള്‍ക്കെല്ലാം ആധാര്‍ വേണമെന്ന് ഇന്ത്യയിലെ വിവിധ ഓഫീസുകള്‍ നിര്‍ബന്ധം പിടിച്ചു. ആധാര്‍ അതോറിറ്റിയുടെ വിശദീകരണങ്ങളിലെ ആവര്‍ത്തിച്ചുള്ള അവ്യക്തതയായിരുന്നു ഇതിന് കാരണം.
ഈ സാഹചര്യത്തില്‍ ആധാര്‍ അതോറിറ്റി വിദേശ എംബസികള്‍ മുഖേന നടത്തിയ വിശദീകരണങ്ങള്‍ക്ക് അനുരോധമായി കേരള സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കി പ്രത്യേക വിജ്ഞാപനം തന്നെ പുറപ്പെടുവിക്കണമെന്നും ഈ ഉത്തരവ് വിദേശ എംബസികള്‍ വഴിയും പുറത്തിറക്കണമെന്നുമാണ് ആധാര്‍ കുരിശ് ചുമക്കുന്ന പ്രവാസികളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

Related News