Loading ...

Home National

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ താണു പത്മാനാഭന്‍ അന്തരിച്ചു

പൂനെ: വിഖ്യാത സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ അന്തരിച്ചു. 64 വയസായിരുന്നു. തരുവനന്തപുരം സ്വദേശിയായ താണു പത്മനാഭന്‍ പൂെന സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്റ് അസ്‌ട്രോഫിസിക്‌സ് അക്കാദമിക് വിഭാഗം ഡീന്‍ ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു രാവിലെ പൂനെയിലായിരുന്നു അന്ത്യം.

പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകര്‍ഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണവിഷയങ്ങള്‍. എമെര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവന. 2008-ല്‍ അമേരിക്കയിലെ ഗ്രാവിറ്റി റിസര്‍ച്ച്‌ ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് ഇദ്ദേഹത്തിന് ലഭിച്ചു.

പത്മശ്രീ, ഭട്‌നാഗര്‍ പുരസ്‌കാരം എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ബിര്‍ള ശാസ്ത്ര പുരസ്‌കാരം, TWAS പ്രൈസ് ഇന്‍ ഫിസിക്‌സ് പുരസ്‌കാരവും ലഭിച്ചിരുന്നു.

തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ബി.എസ്.സിയും എം.എസ്.സിയും സ്വര്‍ണമെഡലോടെ പാസായി. ആദ്യ റിസേര്‍ച് പേപ്പര്‍ ബി.എസ്.സി പഠനകാലത്തുതന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 'സാമാനദ്യ ആപേക്ഷികത'യായിരുന്നു വിഷയം. മുംബൈയിലെ ടി.ഐ.എഫ്.ആറില്‍ നിന്ന് 1983-ല്‍ പി.എച്.ഡി. നേടിയ അദ്ദേഹം 1992 വരെ അവിടെ ജോലി ചെയ്തു. 1992 മുതല്‍ പൂണെയിലെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിലായിരുന്നു.

സ്വിറ്റ്‌സര്‍ലാണ്ടിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേണ്‍, ന്യൂ കാസില്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, കാള്‍ടെക്, പ്രിന്‍സ്ടണ്‍, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.

ആഫ്ടര്‍ ദി ഫസ്റ്റ് ത്രീ മിനുട്‌സ് - ദ സ്റ്റോറി ഓഫ് ഔവര്‍ യൂണിവേഴ്‌സ് ,
തിയററ്റിക്കല്‍ ആസ്‌ട്രോഫിസിക്‌സ്, ആന്‍ ഇന്‍വിറ്റേഷന്‍ ടു ആസ്‌ട്രോഫിസിക്‌സ് തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധമാണ്. ജയന്ത് നര്‍ലിക്കറുമൊത്ത് ഗ്രാവിറ്റി, ഗേജ് തിയറീസ് ആന്റ് കോസ്‌മോളജി എന്നൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഭാഗമായ വിഗ്യാന്‍ പ്രസാര്‍ പ്രസിദ്ധീകരിച്ച ഭൗതികത്തിന്റെ കഥ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ടി.ഐ.എഫ്.ആറില്‍ നിന്ന് പി.എച്.ഡി. നേടിയ വാസന്തി പദ്മനാഭനാണ് ഭാര്യ. അവരുമായി ചേര്‍ന്ന് The Dawn of Science എന്നൊരു പുസ്തകം രചിച്ചിട്ടുണ്ട്. ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് ല്‍ നിന്നും പി എച്ച്‌ ഡി നേടിയിട്ടുള്ള ഹംസ പദ്മനാഭന്‍ മകളാണ്.


Related News