Loading ...

Home International

ട്രെയിനില്‍ നിന്ന്‌ ബാലിസ്റ്റിക്‌ മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ

ലോകരാജ്യങ്ങളെ ആശങ്കപ്പെടുത്തി വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. ഇത്തവണ വേറിട്ട പരീക്ഷണവുമായാണ് ഉത്തര കൊറിയ രംഗത്തെത്തിയത് .ആദ്യമായി ട്രെയിനില്‍ നിന്ന്‌ ബാലിസ്റ്റിക്‌ മിസൈല്‍ ഉത്തര കൊറിയ വിക്ഷേപിച്ചതായി ‘ദ ഗാര്‍ഡിയന്‍ ‘റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രെയിനില്‍ നിന്ന്‌ മിസൈല്‍ പരീക്ഷിക്കാന്‍ രൂപീകരിച്ച പ്രത്യേക റജിമെന്റാണ്‌ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട്‌ മിസൈലാണ്‌ ട്രെയിന്‍ കംപാര്‍ട്ട്‌മെന്റില്‍ സ്ഥാപിച്ച പാഡില്‍നിന്ന്‌ വിക്ഷേപിച്ചത്‌. ഇവ 800 കിലോമീറ്റര്‍ അകലെ കടലിലെ ലക്ഷ്യസ്ഥാനത്ത്‌ വിജയകരമായി പതിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു .ഇട തൂര്‍ന്ന വനത്താല്‍ ചുറ്റപ്പെട്ട ട്രാക്കുകളിലൂടെ സഞ്ചരിക്കുന്ന റെയില്‍-കാര്‍ ലോഞ്ചറുകളില്‍ നിന്ന് ഓറഞ്ച് ജ്വാലകളാല്‍ ചുറ്റപ്പെട്ട രണ്ട് വ്യത്യസ്‍ത മിസൈലുകള്‍ പറന്നുയരുന്ന ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.റെയില്‍ അധിഷ്ഠിത ബാലിസ്റ്റിക് സംവിധാനവും ഒപ്പം വിവിധ വാഹനങ്ങളും ഗ്രൗണ്ട് ലോഞ്ച് പാഡുകളും ഉള്‍പ്പെടുന്നതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ അന്തര്‍വാഹിനികളും ഉള്‍പ്പെട്ടേക്കാം എന്നും ട്രെയിനില്‍ നിന്ന് മിസൈല്‍ വെടിവയ്ക്കുന്നത് ചലനശേഷി വര്‍ദ്ധിപ്പിക്കും എന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍ .അതെ സമയം കഴിഞ്ഞ ദിവസങ്ങളിലും ഉത്തരകൊറിയ പുതിയ മിസൈല്‍ വിജയകരമായി പരീക്ഷണം നടത്തിയിരുന്നു . മധ്യ ഉത്തര കൊറിയയില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ കൊറിയന്‍ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള വെള്ളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് ഏകദേശം 500 മൈല്‍ ഉയരുകയും ചെയ്‌തു എന്നാണ് റിപ്പോര്‍ട്ടുകള്‍.“ഉത്തര കൊറിയ വിവിധ മൊബൈല്‍ വിക്ഷേപണ ഉപകരണങ്ങള്‍ തുടര്‍ച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങളുടെ സൈന്യം വിലയിരുത്തുന്നു,” ദക്ഷിണ കൊറിയയുടെ സംയുക്ത മേധാവികളുടെ വക്താവ് കേണല്‍ കിം ജുന്‍-റാക്ക് പ്രതികരിച്ചു .

Related News