Loading ...

Home Kerala

വ്യാജ അഭിഭാഷക സെസി സേവ്യറിന് ജാമ്യമില്ല; കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

കൊച്ചി: ആള്‍മാറാട്ടം നടത്തിയതിനു പൊലീസ് കേസെടുത്ത വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ സെസിയോട് ജസ്റ്റിസ് വി. ഷിര്‍സി നിര്‍ദേശിച്ചു. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തനിക്കെതിരെ ചുമത്തിയ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് സെസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്. സെസി സേവ്യറിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നതില്‍ അഭിഭാഷകര്‍ക്ക് ആലപ്പുഴ ബാര്‍ അസോസി‍യേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയതിനാണ് ആലപ്പുഴ ബാര്‍ അസോസിയേഷന്‍റെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തത്. നേരത്ത ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ സെസി എത്തിയിരുന്നു. ജാമ്യം കിട്ടാത്ത വകുപ്പ് ചുമത്തിയിട്ടുണ്ടെന്നറിഞ്ഞ് കോടതിക്ക് പിന്നില്‍ നിര്‍ത്തിയിട്ട കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

മതിയായ യോഗ്യതകളില്ലാതെയായിരുന്നു സെസി അഭിഭാഷകയായി പ്രവര്‍ത്തിച്ചത്. എല്‍.എല്‍.ബി ജയിച്ചിട്ടുണ്ടായിരുന്നില്ല. കേസെടുത്തതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.എല്‍.എല്‍.ബി ജയിക്കാതെ സെസി സേവ്യര്‍ മറ്റൊരാളുടെ റോള്‍ നമ്ബര്‍ നല്‍കി 2019ല്‍ ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടിയത്. ഏപ്രിലില്‍ നടന്ന ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ നിര്‍വാഹക സമിതി അംഗവും പിന്നീട് ലൈബ്രേറിയനുമായി. അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് സെസി പുറത്താക്കുകയും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

Related News