Loading ...

Home cinema

പത്മാവതി: മിത്തും യാഥാര്‍ഥ്യവും

ഗീതാനസീര്‍

ദീപിക പദ്‌ക്കോണ്‍, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നീ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ‘പത്മാവതി’ എന്ന ഹിന്ദി ചലച്ചിത്രത്തിനെതിരെ ഹിന്ദുവര്‍ഗീയവാദികള്‍ രംഗത്ത്. സന്‍ജയ് ലീലാബന്‍സാലി സംവിധാനം നിര്‍വഹിക്കുന്ന ചലച്ചിത്രം തുടക്കം മുതല്‍ എതിര്‍പ്പുകളെ നേരിട്ടിരുന്നു. ജയ്പൂര്‍ ജയ്‌നഗര്‍ ഫോര്‍ട്ടിലെ ഷൂട്ടിങ് കേന്ദ്രം ആക്രമിച്ച രജപുട്ട് കര്‍ണിസേനയുടെ പ്രവര്‍ത്തകര്‍ സംവിധായകനെ മര്‍ദിക്കുകയുണ്ടായി. സെറ്റ് അടിച്ചുതകര്‍ത്തതിനെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ച് പോകേണ്ട അവസ്ഥ പോലുമുണ്ടായി. ബിജെപിയുടെ കേന്ദ്രമന്ത്രി ഗിരിരാജ്‌സിങ്, ഉമാഭാരതി തുടങ്ങി പല പ്രമുഖരും ചലച്ചിത്രത്തിനെതിരെ രംഗത്തെത്തി.
സിനിമയുടെ നിര്‍മാണം ആരംഭിച്ച ഉടനെ ഉയര്‍ന്നുവന്ന പ്രതിഷേധത്തിന് രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്ന് കലയ്ക്കും സാഹിത്യത്തിനും ചിത്രരചനയ്ക്കും സംഗീതത്തിനുമൊക്കെ എതിരെ രാജ്യത്ത് ഉയര്‍ന്നുവരുന്ന അസഹിഷ്ണുത, രണ്ട് ചരിത്രത്തെക്കുറിച്ചുള്ള അജ്ഞത. പത്മാവതിയുടെ കഥ ചരിത്രത്തിലെ ഒരേടല്ല എന്നുള്ളതാണ് ഏറ്റവും രസകരമായ വസ്തുത. 1540ല്‍ ജീവിച്ച മാലിക് മുഹമ്മദ് ജയസിയുടെ പത്മാവത് എന്ന കവിതയിലെ കഥാപാത്രമാണ് പത്മിനി. ഇത് പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ആക്രമണം നടന്ന ഉടനെ വെളിപ്പെടുത്തിയിരുന്നു. രജപുട് കര്‍ണിസേന അത് രജപുട്ട് സമുദായത്തെ ആക്ഷേപിക്കുന്നതായി ആരോപിച്ചാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. തെലങ്കാന ബിജെപി എംഎല്‍എ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്നുവരെ ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും പ്രതിഷേധം ഉരുണ്ടുകൂടുന്നുണ്ട്. വിവിധ ഹിന്ദുത്വഗ്രൂപ്പുകള്‍ സംഘടിത ആക്രമണത്തിന് തയാറെടുത്തുകഴിഞ്ഞു.
അലാവുദീന്‍ ഖില്‍ജിയും പത്മിനിയും തമ്മിലുള്ള പ്രണയകഥയാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് തങ്ങളുടെ അറിവെന്ന് പറഞ്ഞാണ് കര്‍ണിസേന പ്രസിഡന്റ് നാരായണ്‍ ദിവ്‌റാല പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
ഉജ്ജയിനിയില്‍ നിന്നുള്ള ബിജെപി എംപി ചിന്താമണി മാള്‍വിയ പറയുന്നത് സന്‍ജയ് ലീല ബന്‍സാലിയെപ്പോലുള്ളവര്‍ക്ക് ചെരിപ്പുകൊണ്ടുള്ള മറുപടിയേ മനസിലാകൂ എന്നാണ്. ഹിന്ദുചരിത്രത്തെ വളച്ചൊടിക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നും എംപി താക്കീത് ചെയ്യുന്നു.
മേവാര്‍ (ഇപ്പോഴത്തെ രാജസ്ഥാന്‍) പ്രദേശത്തെ രജപുട്ട് രാജാവായിരുന്ന രാവന്‍ രതന്‍സിങ് അഥവാ രത്‌നസിംഹയുടെ പതിനഞ്ചാമത്തെ ഭാര്യയാണ് പത്മിനി എന്ന് ഒരു വിഭാഗം ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു. ഈ ചരിത്രത്തെക്കുറിച്ച് നിരവധി വാദഗതികള്‍ വേറെയുമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച രാജാവിന്റെ പത്‌നി ചരിത്രത്തിലെ അതിസമര്‍ഥമായ രാജ്ഞിയായാണ് കണക്കാക്കപ്പെടുന്നത്. അതീവസുന്ദരിയായ രാജ്ഞിയുടെ പ്രതിബിംബം ജലാശയത്തില്‍ കണ്ട അലവുദീന്‍ ഖില്‍ജി അവരില്‍ അനുരക്തയായി എന്നൊരു മിത്തും ഈ ചരിത്രകഥയിലുണ്ടെന്ന് രാജസ്ഥാന്‍ സര്‍വകലാശാലയിലെ ചരിത്ര പ്രൊഫസര്‍ കൃഷ്ണഗോപാല്‍ ശര്‍മ പറയുന്നു. അതേസമയം മുഹമ്മദ് ജയസിയുടെ കവിതയിലെ പത്മിനി വെറും സാങ്കല്‍പിക കഥാപാത്രമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കുഴപ്പവും അതുതന്നെയാണ്. മിത്തുകളേയും ഐതിഹ്യങ്ങളേയും യഥാര്‍ഥ സംഭവങ്ങളാക്കി യുക്തിരഹിതമായി ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ് ഹിന്ദു വര്‍ഗീയവാദികള്‍ ഇപ്പോള്‍ ചെയ്യുന്നത്.
കലയെ കലയായും ചരിത്രത്തെ ചരിത്രമായും കാണാനുള്ള വകതിരിവ് നഷ്ടപ്പെടുമ്പോള്‍ മനോഹര കലാരൂപങ്ങള്‍ തകര്‍ക്കപ്പെടുക സ്വാഭാവികം. സന്‍ജയ് ലീലാബന്‍സാലിയെ കാത്തിരിക്കുന്നതെന്താണോ എന്തോ?

Related News