Loading ...

Home sports

രണ്ടാം ഏകദിനം ഇന്ന്: തോറ്റാല്‍ പരമ്പര നഷ്ടമാകും

മൊഹാലി: രോഹിത് ശര്‍മ്മയും രവിശാസ്ത്രിയും മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരാരും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നില്ല ധര്‍മശാലയിലെ ആദ്യ ഏകദിനം. ഇന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ മൊഹാലി മൈതാനത്ത് രണ്ടാം ഏകദിനം നടക്കുമ്പോള്‍ ഇന്ത്യക്ക് തെളിയിക്കാന്‍ പലതുമുണ്ട്. ജയം മാത്രം ലക്ഷ്യം. തോറ്റാല്‍ പരമ്പര നഷ്ടമാവുമെന്ന് മാത്രമല്ല നാണക്കേടിന്റെ പടുകുഴിയിലേക്ക് രോഹിതിന്റെ സംഘം എടുത്തെറിയപ്പെടും.വിരാത് കോലി നായകനായിരുന്ന സമയത്ത് വിജയങ്ങള്‍ മാത്രം ശീലമാക്കിയ ടീമാണ് പുതിയ നായകന് കീഴില്‍ തകരുന്നത് എന്ന അപവാദം കേള്‍ക്കേണ്ടി വരും. ഏഴ് വിക്കറ്റിന് 29 റണ്‍സ് എന്ന വലിയ നാണക്കേട്-ആ നാണക്കട് എക്കാലത്തും ഇന്ത്യയെ വേട്ടയാടും. ധര്‍മശാലയിലെ ആ നാണക്കേടില്‍ നിന്നും ഇന്ത്യയെ കര കയറ്റിയ മഹേന്ദ്രസിംഗ് ധോണിയുടെ അനുഭവസമ്പത്ത് തന്നെ ഇന്നും ബാറ്റിംഗില്‍ തുണ. ശിഖര്‍ ധവാന്‍, രോഹിത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ശ്രേയാസ് അയ്യര്‍ തുടങ്ങിയ ബാറ്റിംഗ് വിലാസക്കാര്‍ ആദ്യ ഏകദിനത്തില്‍ ലങ്കന്‍ സീമര്‍ സുരംഗ ലക്മാലിന് മുന്നിലാണ് പ്രതിരോധം തകര്‍ന്ന് വട്ടപ്പൂജ്യരായത്.മൊഹാലിയിലെ ട്രാക്കും ഏറെക്കുറെ ധര്‍മശാലയിലെ അതേ സ്വഭാവമുള്ളതാണ്. ഇന്ത്യയില്‍ സീമര്‍മാരെ തുണക്കുന്ന എക ട്രാക്ക് എന്ന അംഗീകാരമാണ് മൊഹലിക്കുളളത്. ഇവിടെ ലക്മാല്‍ അപകടം തന്നെയാണ്. എയ്ഞ്ചലോ മാത്യൂസിന്റെ അനുഭവസമ്പത്തും പുതിയ പന്തില്‍ നിര്‍ണായകമാണ്. ഇന്ത്യന്‍ സീമര്‍മാര്‍ പക്ഷേ ആദ്യ ഏകദിനത്തില്‍ പരാജയമായിരുന്നു. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവര്‍ക്കൊന്നും ലങ്കന്‍ സീമര്‍മാരെ പോലെ ബാറ്റ്‌സ്മാന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല. ബാറ്റിംഗും ഇന്ത്യക്ക് ഇത് വരെ തലവേദനയായിരുന്നില്ല. ടെസ്റ്റ് പരമ്പരയില്‍ ഗംഭീര പ്രകടനം നടത്തിയവരാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍. പക്ഷേ ധര്‍മശാലയിലെ നിസ്സഹായത അവരെ ഇന്ന് സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ടെസ്റ്റ് പരമ്പര നഷ്ടമായ സാഹചര്യത്തില്‍ ഏകദിന പരമ്പരയാണ് ടീമിന്റെ ലക്ഷ്യമെനന് നായകന്‍ തിസാര പെരേര പറഞ്ഞു. ധര്‍മശാലയിലെ പ്രകടനം എല്ലാവരുടെയും കണ്ണ് തുറപ്പിച്ചിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഭിപ്രായപ്പെട്ടത്.

Related News