Loading ...

Home International

കാലാവസ്​ഥ വ്യതിയാനം; 30 വര്‍ഷം കൊണ്ട്​ 20 കോടിയാളുകള്‍ കുടിയേറ്റക്കാരാകുമെന്ന്​ ​റി​പ്പോര്‍ട്ട്​


വാഷിങ്​ടണ്‍ ഡി.സി: കാലാവസ്​ഥ വ്യതിയാനം കാരണം അടുത്ത മൂന്ന്​ പതിറ്റാണ്ടിനുള്ളില്‍ 20 കോടിയിലധികം ആളുകള്‍ സ്വന്തം നാടും വീടും വിട്ട്​ പലായനം ചെയ്യേണ്ടി വരുമെന്ന്​ ലോക ബാങ്ക്​ റിപ്പോര്‍ട്ട്​. വ്യാവസായിക വിഷവാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കുകയും വികസന വിടവ്​ നികത്തുകയും ചെയ്​തില്ലെങ്കില്‍ ഇത്​ സംഭവിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​ മുന്നറിയിപ്പ്​ നല്‍കുന്നത്​.

തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഗ്രൗണ്ട്​ ലെവല്‍ റിപ്പോര്‍ട്ടിന്‍റെ രണ്ടാം ഭാഗം മന്ദഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങളായ ജലദൗര്‍ലഭ്യം, വിളയുടെ ഉല്‍പാദനക്ഷമത കുറയുക, സമുദ്രനിരപ്പ് ഉയരുക എന്നിവ 2050ഓടെ 'കാലാവസ്ഥ കുടിയേറ്റക്കാര്‍' എന്ന വിഭാഗത്തെ സൃഷ്​ടിക്കുമെന്നാണ്​ പറയുന്നത്​. വടക്കേ ആഫ്രിക്ക, ഉപ സഹാറന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്​, മധ്യേഷ്യ, ദക്ഷിണേഷ്യ, കിഴക്കന്‍ ഏഷ്യ, പസിഫിക്ക്​ എന്നീ മേഖലകളാണ്​​ പഠന വിധേയമാക്കിയത്​.

ഏറ്റവും താഴ്ന്ന തോതിലുള്ള മലിനീകരണവും സുസ്ഥിര വികസനവും കാലാവസ്​ഥക്ക്​ അനുയോജ്യമായ സാഹചര്യത്തിലും ലോകത്ത്​ 44 ദശലക്ഷം ആളുകള്‍ വീട് വിടാന്‍ നിര്‍ബന്ധിതരാകുന്നതായി കാണാം.

രാജ്യത്തിനകത്ത് കുടിയേറ്റം സൃഷ്ടിക്കുന്നതിനുള്ള കാലാവസ്ഥയുടെ ശക്തി വീണ്ടും സ്ഥിരീകരിക്കുകയാണെന്ന്​ റിപ്പോര്‍ട്ട്​ ഉദ്ധരിച്ച്‌​ ലോക ബാങ്കിലെ സീനിയര്‍ കാലാവസ്​ഥ വ്യതിയാന വിദഗ്​ധനായ വെയ്​ ചെന്‍ ക്ലെമന്‍റ്​ പറഞ്ഞു.

ഉപ സഹാറന്‍ ആഫ്രിക്കയെയാണ്​ കാലാവസ്​ഥ വ്യതിയാനം ഏറ്റവും ഗുരുതരമായി ബാധിക്കുക. മരുവല്‍ക്കരണം, ദുര്‍ബലമായ തീരപ്രദേശങ്ങള്‍, കൃഷിയെ ആശ്രയിക്കുന്ന ജനസംഖ്യ എന്നിവ കാരണം 86 ദശലക്ഷം പേര്‍ രാജ്യാതിര്‍ത്തിക്കുള്ളില്‍ തന്നെ കുടിയേറ്റക്കാരായി മാറും.

കാലാവസ്ഥാ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ അനുപാതം വടക്കേ ആഫ്രിക്കയിലാകുമെന്ന് റിപ്പോര്‍ട്ട്​ പ്രവചിക്കുന്നു. വടക്കു കിഴക്കന്‍ തുണീഷ്യ, വടക്കുപടിഞ്ഞാറന്‍ അള്‍ജീരിയ, പടിഞ്ഞാറന്‍-തെക്കന്‍ മൊറോക്കോ എന്നിവിടങ്ങളില്‍ ജലക്ഷാമം വര്‍ധിച്ചതിനാല്‍ 19 ദശലക്ഷം (ജനസംഖ്യയുടെ 9% ) ആളുകള്‍ പലായനം ചെയ്യപ്പെടേണ്ടി വരും.

ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശിലാണ്​ ഏറ്റവും മോശം സാഹചര്യം വരാന്‍ പോകുന്നത്​. വെള്ളപ്പൊക്കവും വിളനാശവുമാണ്​ അവരെ രൂക്ഷമായി ബാധിക്കുക. സ്​ത്രീകള്‍ ഉള്‍പ്പെടെ 19.9 ദശലക്ഷം ആളുകള്‍ മൂന്ന്​ പതിറ്റാണ്ടിനുള്ളില്‍ സ്വന്തം നാടും വീടും വിട്ട്​ മറ്റ്​ സ്​ഥലങ്ങളിലേക്ക്​ നീങ്ങേണ്ടി വരും.

'ഇതാണ് ഇപ്പോള്‍ ഞങ്ങളുടെ മാനുഷിക യാഥാര്‍ഥ്യം, ഇത് കൂടുതല്‍ മോശമാകുമെന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നു'- ഇന്‍റര്‍നാഷനല്‍ റെഡ്​ക്രോസ്​ റെഡ്​ക്രസന്‍റ്​ ക്ലൈമറ്റ്​ സെന്‍റര്‍ ഡയരക്​ടറായ പ്രഫ. മാര്‍ടിന്‍ വാന്‍ ആല്‍സ്​ പറഞ്ഞു.

Related News