Loading ...

Home National

ഉള്ളിവില കുത്തനെ കൂടിയേക്കും; തിരിച്ചടിയാവുക കനത്ത മഴയും കൃഷിനാശവും

ന്യൂഡല്‍ഹി: കനത്ത മഴയും കൃഷിനാശവും ഉള്ളിവില കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്രമരഹിതമായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണാണ് ഉള്ളിവില കുത്തനെ ഉയരാന്‍ പ്രധാന കാരണമാകുക. വിളവെടുപ്പ് വൈകുന്നതും തിരിച്ചടിയാകും.
ടൗട്ടെ ഉള്‍പ്പെടെയുള്ള ചുഴലിക്കാറ്റുകള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിപ്പിച്ചത് റാബി വിളകള്‍ ഏറെക്കാലം കേടുകൂടാതെ സംരക്ഷിക്കുന്നതിന് തടസമാണ്. ഇതോടെ റാബി വിളകള്‍ നേരത്തെ വിപണിയിലിറക്കേണ്ടി വന്നിട്ടുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലുണ്ടായ പ്രകൃതിക്ഷോഭവും കനത്ത മഴയും കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. 2018ലെ ഉള്ളിവിലയേക്കാള്‍ 100 ശതമാനത്തോളം വര്‍ധന ഇത്തവണയുണ്ടാകുമെന്ന് വിപണി അവലോകന സ്ഥാപനമായ ക്രിസില്‍ വിലയിരുത്തുന്നു. 'ഇന്ത്യയിലെ ഏതാണ്ടെല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഉള്ളി ജനങ്ങളെ വീണ്ടും കരയിക്കാനാണ് സാധ്യത. കൃത്യതയില്ലാത്ത മണ്‍സൂണും വിളവെടുപ്പിലെ വൈകലും തിരിച്ചടിയാണ്. ഖാരിഫ് ഉല്‍പ്പാദനം വിപണിയിലെത്താന്‍ വൈകുന്നതും സംഭരിച്ച വിളകള്‍ ഏറെക്കാലം സൂക്ഷിക്കാന്‍ സാധിക്കാത്തതുമാണ് വിലകൂടലിന് കാരണമാകുക' -ക്രിസില്‍ വിശദീകരിച്ചു. ഇന്ത്യന്‍ അടുക്കളകളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായ ഉള്ളി മൂന്ന് സീസണുകളിലായാണ് കൃഷിചെയ്യുന്നത്. ഖാരിഫ്, ലേറ്റ് ഖാരിഫ്, റാബി എന്നിവയാണിത്. ഓരോ മാസവും ഏകദേശം 13 ലക്ഷം ടണ്‍ ഉള്ളിയാണ് ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവയാണ് രാജ്യത്ത് ഖാരിഫ് സീസണില്‍ പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. ഖാരിഫ് ഉല്‍പ്പാദനത്തിന്‍റെ 75 ശതമാനത്തോളവും ഇവിടെനിന്നാണ്. അതേസമയം, ഉള്ളിവില നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. രണ്ട് ലക്ഷം മെട്രിക് ടണ്‍ ഉള്ളി കരുതല്‍ ശേഖരമായി ഉണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുന്‍കാലത്തെ കണക്കനുസരിച്ച്‌ സെപ്റ്റംബര്‍ മാസത്തിലാണ് ഉള്ളിവില വര്‍ധിക്കുന്നത്. ഉള്ളിക്കൃഷി ആരംഭിക്കുന്നത് ഈ മാസത്തിലാണ്. പിന്നീട് മൂന്ന് മാസത്തിനു ശേഷം ഉള്ളിയുടെ വിളവെടുപ്പ് കാലമാവുമ്ബോഴാണ് വീണ്ടും വില കുറഞ്ഞു തുടങ്ങുന്നത്.

Related News