Loading ...

Home International

സര്‍വമത സാഹോദര്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ

ബുഡാപെസ്റ്റ്: ഹംഗറി സന്ദര്‍ശനത്തിനിടെ സാര്‍വമത സാഹോദര്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസത്തില്‍ വേരൂന്നുന്നതിനൊപ്പം എല്ലാ മതങ്ങളെയും ചേര്‍ത്തുപിടിക്കുക എന്ന സന്ദേശമാണ് കുരിശ് നല്‍കുന്നതെന്ന് ആഗോള സഭാധ്യക്ഷന്‍ പറഞ്ഞു. തീവ്രദേശീയവാദിയും കുടിയേറ്റ വിരുദ്ധനുമായ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സാര്‍വമത സാഹോദര്യത്തിനുള്ള പോപ്പിന്‍റെ ആഹ്വാനം.

യൂറോപ്പിലുള്‍പ്പെടെ ഇപ്പോഴും നിലനില്‍ക്കുന്ന ജൂതവിരുദ്ധ മനോഭാവത്തിനെതിരെയാണ് പോപ്പ് മുന്നറിയിപ്പ് നല്‍കിയത്. വ്യത്യസ്ത ജാതി, മതവിഭാഗങ്ങളില്‍പെട്ടവര്‍ ഹംഗറിയുടെ വളര്‍ച്ചയ്ക്കും സാംസ്കാരിക വൈവിധ്യത്തിനും നല്‍കിയ സംഭാവനകള്‍ മറക്കരുതെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

യഥാര്‍ഥ ആരാധനയില്‍ ദൈവാരാധനയും അയല്‍ക്കാരനോടുള്ള സ്നേഹവും അടങ്ങിയിരിക്കുന്നു. എന്തെങ്കിലും പുറമേ കാണിക്കുന്നതിനേക്കാള്‍ ഭൂമിയിലെ നമ്മുടെ സൗഹാര്‍ദ്ദത്തിലൂടെ സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്‍റെ പിതൃ സാന്നിധ്യം പ്രകടമാക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത് -മാര്‍പാപ്പ പിന്നീട് ട്വീറ്റ് ചെയ്തു.

അതേസമയം, ഹംഗറിയില്‍ ക്രിസ്ത്യന്‍ മതത്തെ നശിക്കാന്‍ വിട്ടുകൊടുക്കരുതെന്ന് പോപ്പിനോട് അഭ്യര്‍ഥിച്ചതായി വിക്ടര്‍ ഓര്‍ബന്‍ പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. യൂറോപ്പിലെ ക്രിസ്ത്യാനികളുടെ സംരക്ഷകനെന്ന് സ്വയം അവകാശപ്പെടുന്നയാളാണ് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍.

ബുഡാപെസ്റ്റിലെ ഫൈന്‍ ആര്‍ട്സ് മ്യുസിയത്തില്‍ വച്ച്‌ ഹംഗറിയിലെ മെത്രാന്മാരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. സഭയുടെ രക്തസാക്ഷിത്വത്തിന്‍റെയും സഹനങ്ങളുടെയും ചരിത്രത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നേറാനും, അധികാരത്തെക്കാളുപരി സേവനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

പിന്നീട് എക്യൂമെനിക്കല്‍ സഭാസമിതികളും ഹംഗറിയിലെ ജൂതമത സമൂഹങ്ങളുമായി കൂടിക്കാഴ്ച നടത്തി. സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശത്തിനാണ് പ്രാധാന്യമെന്ന് പോപ്പ് ഊന്നിപ്പറഞ്ഞു.

 

Related News