Loading ...

Home USA

ചൊവ്വ പര്യവേഷണത്തില്‍ നിര്‍ണായക നേട്ടം ; പാറക്കല്ലുകള്‍ ശേഖരിച്ച്‌ റോവര്‍

വാഷിംഗ്ടണ്‍: ചൊവ്വ പരിവേഷണത്തില്‍ പുതിയ കാല്‍വെപ്പ്.നാസയുടെ പെര്‍സീവറന്‍സ് റോവര്‍ ചൊവ്വയില്‍ നിന്ന് പാറക്കല്ലുകള്‍ ശേഖരിച്ചു.ചൊവ്വ ദൗത്യത്തിനായി അമേരിക്ക അയച്ച ബഹിരാകാശ പര്യവേഷണ പേടകമാണ് പെര്‍സീവറന്‍സ് റോവര്‍.റോച്ചറ്റ് എന്ന് വിളിപേരുള്ള പാറതുരന്നാണ് പേടകം കല്ലുകള്‍ ശേഖരിച്ചത്.സെപ്തംബര്‍ 6നാണ് പെര്‍സീവറന്‍സ് മോണ്ട്‌ഡെനിയര്‍ എന്ന പേരിലുള്ള ആദ്യ സാമ്ബിള്‍ ശേഖരിച്ചത്. രണ്ട് ദിവസത്തിന് ശേഷം മോണ്ടഗ്നാക് എന്ന രണ്ടാമത്തെ സാമ്ബിളും ശേഖരിച്ചതായി നാസ വ്യക്തമാക്കി. ഇത് ഭൂമിയിലേക്ക് എത്തിക്കാനായാല്‍ ഇവ ചൊവ്വയില്‍ നിന്ന് ഭൂമിയിലേക്ക് കൊണ്ടുവരുന്ന ആദ്യത്തെ സാമ്ബിളുകളായി ചരിത്രത്തില്‍ ഇടം നേടും .

പേടകം ശേഖരിച്ച സാമ്ബിളുകള്‍ വിശകലനം ചെയ്ത് ചൊവ്വയിലെ ജലസാന്നിധ്യത്തെ പറ്റിയും അഗ്നിപര്‍വ്വതങ്ങളെക്കുറിച്ചും കൂടുതല്‍ പഠനം നടത്താനാവുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.ചൊവ്വയില്‍ ജീവിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നു മുന്‍പ് ഉണ്ടായിരുന്നത് എന്ന് ഇത് തെളിയിച്ചേക്കും.കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക മുന്‍പ് ചൊവ്വ ചൂടുള്ളതും നനഞ്ഞതുമായിരുന്നു എന്നതിന്റെ തെളിവുകള്‍ പെര്‍സീവറന്‍സ് മുന്‍പ് നല്‍കിയിരുന്നു.

മനുഷ്യരാശിക്കുവേണ്ടി ചൊവ്വയെ പര്യവേക്ഷണം ചെയ്യുന്ന ഒരു റോബോട്ടിക് ശാസ്ത്രജ്ഞയാണ് പെര്‍സീവറന്‍സ്.ചൊവ്വയിലെ ജീവന്റെ സാന്നിധ്യം മണ്ണ്, ഭൂമിശാസ്ത്രപരമായ ഘടന, പരിസ്ഥിതി, അന്തരീക്ഷം തുടങ്ങിയവയക്കായുള്ള വിവരശേഖരണത്തിനാണ് പേടകം ചൊവ്വയിലെത്തിയത്.മൂന്ന് സിലിക്കണ്‍ ചിപ്പുകളില്‍ പതിച്ച 11 ദശലക്ഷം ആളുകളുടെ പേരുകളും പെര്‍സീവറന്‍സ് വഹിക്കുന്നു. വീഡിയോക്യാമറകളും രണ്ട് മൈക്രോഫോണുകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പേടകത്തിലുണ്ട്. 23 ക്യാമറകളിലൂടെ വിവരങ്ങള്‍ പങ്കിടാന്‍ പേടകത്തിന് കഴിയും.

      

Related News