Loading ...

Home International

പസഫിക്കിലെ അസ്വസ്ഥത നീക്കണം; ചൈനീസ് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച്‌ ബൈഡന്‍

വാഷിംഗ്ടണ്‍: ചൈനയുമായി തന്ത്രപ്രധാന വിഷയത്തില്‍ ഫോണ്‍ സംഭാഷണം നടത്തി അമേരിക്ക. ഷീജിംഗ് പിംഗിനെ ഫോണില്‍ വിളിച്ച്‌ പസഫിക് മേഖലയിലെ വിഷയങ്ങളിലെ അതൃപ്തിയാണ് ജോ ബൈഡന്‍ അറിയിച്ചത്. ഏഴുമാസമായി നടക്കാത്ത ഉന്നത തല നയതന്ത്ര ചര്‍ച്ചകളാണ് ഇന്നലെ പുനരാരംഭിച്ചത്. ട്രംപിന്റെ കാലഘട്ടത്തില്‍ നിര്‍ത്തിവെയ്‌ക്കപ്പെട്ട പ്രസിഡന്റ് തല ചര്‍ച്ചകള്‍ക്കാണ് ബൈഡന്‍ ഇന്നലെ തുടക്കമിട്ടത്. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗുമായി ടെലഫോണ്‍ സംഭാഷണം നടന്നതായി വൈറ്റ്ഹൗസും ചൈനീസ് മാദ്ധ്യമങ്ങളും സ്ഥിരീകരിച്ചു.

ബൈഡന്‍-ഷീ ജിംഗ് പിംഗ് സംഭാഷണത്തില്‍ വിദേശകാര്യ നയത്തില്‍ അമേരിക്കയുടെ നിലപാടുകളിലെ അതൃപ്തി ചൈനീസ് പ്രസിഡന്‍റും തുറന്നുപ്രകടിപ്പിച്ചെന്നാണ് ചൈനീസ് മാദ്ധ്യമങ്ങള്‍ പറയുന്നത്. യോജിക്കാവുന്ന മേഖലകളില്‍ സഹകരണം തുടരണമെന്ന ആവശ്യമാണ് അമേരിക്ക മുന്നോട്ട് വെച്ചത്. ഇതിനിടെ പസഫിക് മേഖലയിലെ അസ്വസ്ഥത നീക്കാന്‍ ചൈന തന്നെ മുന്‍കൈ എടുക്കണമെന്ന നയത്തില്‍ ബൈഡന്‍ ഉറച്ചുനിന്നെന്നുമാണ് സൂചന. തുറന്ന ചര്‍ച്ചകള്‍ എല്ലാ മേഖലയെക്കുറിച്ചും നടത്തണമെന്നാണ് വൈറ്റ്ഹൗസിന്റെ നയം. ഇരുപ്രസിഡന്റുമാരും ഒന്നിച്ചിരിക്കണമെന്നും ആഗോള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇരുകൂട്ടര്‍ക്കും ചെയ്യാവുന്ന നടപടികളില്‍ ധാരണയിലെത്തണമെന്നുമാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ആവശ്യപ്പടുന്നത്.

ചൈനയുടെ സൈബര്‍ ആക്രമണം, കൊറോണ വ്യാപനം, സാമ്ബത്തിക രംഗത്തെ കടന്നുകയറ്റം, പസഫിക്കിലെ പ്രതിരോധ തന്ത്രങ്ങള്‍ എന്നിവയാണ് അമേരിക്കയെ അകറ്റിയത്. ട്രംപിന്റെ കാലഘട്ടത്തില്‍ ചൈനയെ പൂര്‍ണ്ണമായും അകറ്റിനിര്‍ത്തിയുള്ള നയതന്ത്രം മറ്റ് രാജ്യങ്ങളെക്കൊണ്ടും നടപ്പാക്കുന്നതില്‍ അമേരിക്ക വലിയൊരളവുവരെ വിജയിച്ചിരുന്നു.

Related News