Loading ...

Home National

കര്‍ണാല്‍ മിനി സെക്രട്ടേറിയറ്റ്‌ ഉപരോധം; ആവശ്യം അംഗീകരിക്കാതെ പിന്മാറ്റമില്ലെന്നു കര്‍ഷകര്‍

ന്യൂഡല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന മിനിസെക്രട്ടേറിയറ്റ് ഉപരോധം മൂന്നാം ദിവസത്തിലേക്ക്. ജില്ലാ ഭരണകൂടം വിളിച്ച രണ്ടാം വട്ട ചര്‍ച്ചയും അലസിയതോടെയാണ് ഉപരോധം തുടരാന്‍ കര്‍ഷക നേതാക്കള്‍ തീരുമാനിച്ചത്.

ആഗസ്റ്റ് 28ന് നടന്ന പ്രതിഷേധ സമരത്തിനിടെ കര്‍ഷകരുടെ തലയടിച്ച്‌ പൊട്ടിക്കാന്‍ ഉത്തരവിട്ട അന്നത്തെ സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് ആയുഷ് സിന്‍ഹയെ സസ്പെന്‍ഡ് ചെയ്യാനും കേസെടുക്കാനുമുള്ള ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം ആവര്‍ത്തിച്ചതോടെയാണ് ചര്‍ച്ച വീണ്ടും അലസിയത്.

ചണ്ഡീഗഢില്‍ നിന്ന് ഹരിയാന സര്‍ക്കാരിലെ പ്രമുഖര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ സംസാരിച്ചതെന്നും മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ച ഉദ്ദേശിച്ച ഫലം ചെയ്‌തില്ലെന്നും കര്‍ഷക നേതാവ് രാജേഷ് ടിക്കായത് പറഞ്ഞു. നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് സമരം തുടരുന്നതെന്നും അദ്ദേഹം അറിയിച്ചു.

യു.പി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ അണിചേരുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധം പോലെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ കര്‍ണാലിലെ മിനി സെക്രട്ടേറിയറ്റ് സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ കര്‍ഷക സമരം വ്യാപിപ്പിക്കാനും ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ അടക്കം മഹാപഞ്ചായത്ത് നടത്താനും കര്‍ഷക സംഘടനകള്‍ പദ്ധതിയിടുന്നു.

സമരവുമായി കിസാന്‍ സംഘും

അതിനിടെ വിളകള്‍ക്ക് വില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി-ആര്‍.എസ്.എസ് ആഭിമുഖ്യമുള്ള കിസാന്‍സംഘ് ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചത് ശ്രദ്ധേയമായി. രാജ്യവ്യാപകമായുള്ള പ്രതിഷേധ പരിപാടിയുടെ ഭാഗമായിരുന്നു അത്. കര്‍ഷകര്‍ക്ക് താങ്ങുവില ലഭ്യമാകുന്നില്ലെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി.

Related News