Loading ...

Home National

എന്‍.സി​ നേതാവ്​ ത്രിലോജന്‍ സിങ്​ വാസിര്‍ ഡല്‍ഹിയിലെ അപാര്‍ട്ട്​മെന്‍റില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന്​ സംശയം

ന്യൂഡല്‍ഹി; നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ത്രിലോജന്‍ സിങ് വാസിറിനെ അപാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡെല്‍ഹിയില്‍ മറ്റൊരാളുടെ അപാര്‍ട്‌മെന്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ കൊലപാതക കേസ് രെജിസ്റ്റര്‍ ചെയ്ത് മോത്തി നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊലീസ് പറയുന്നതനുസരിച്ച്‌, ത്രിലോചന്‍ സിംഗ് വസീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ മുറി വാടകയ്ക്ക് എടുത്തിരുന്നത് ഒരു ഹര്‍പ്രീത് സിംഗ് ഖല്‍സ എന്നയാളാണ്. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പെലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ഹര്‍പ്രീത് സിങ് ഖല്‍സ എന്നയാളുടെ ഡെല്‍ഹിയിലെ അപാര്‍ട്‌മെന്റില്‍ വാസിര്‍ എന്തിന് വന്നെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് ഡെല്‍ഹിയിലെ മോത്തി നഗര്‍ പ്രദേശത്തെ അപാര്‍ട്‌മെന്റില്‍നിന്ന് മൃതദേഹം കണ്ടെത്തുന്നത്. അപാര്‍ട്‌മെന്റില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ സമീപത്ത് താമസിക്കുന്ന പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശുചിമുറിയില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍ അപാര്‍ട്‌മെന്റിന്റെ വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പിന്നീട് ശുചിമുറിക്ക് സമീപം അഴുകിയ നിലയില്‍ വാസിറിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. വാസിറിന്റെ മൊബൈല്‍ ഫോണും സമീപത്തുനിന്ന് കണ്ടെടുത്തു.

സെപ്റ്റംബര്‍ 3 ന് ഡെല്‍ഹിയില്‍നിന്ന് കാനഡയിലേക്ക് പോകാനിരുന്നയാളാണ് ത്രിലോചന്‍ സിങ് വാസിര്‍. എന്നാല്‍, അന്നേ ദിവസം വാസിര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. കുടുംബം അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു അറിവും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെയാണ് മറ്റൊരാളുടെ അപാര്‍ട്‌മെന്റില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Related News