Loading ...

Home National

എല്ലാ ഭൂവുടമകളും ആധാര്‍ നമ്പർ നല്‍കണം; യുണീക് തണ്ടപ്പേര്‍ പദ്ധതിക്ക് കേന്ദ്രാനുമതി

തിരുവനന്തപുരം : സംസ്ഥാനത്ത് ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപ്പേര്‍ നമ്പര്‍ (യു ടി എന്‍ ) പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു. പദ്ധതി പ്രകാരം എല്ലാ ഭൂഉടമകളുടെയും തണ്ടപ്പേര്‍ വിവരങ്ങള്‍ ആധാറുമായി ലിങ്ക് ചെയ്ത് പുതുതായി 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. ഇതോടെ ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റത്തണ്ടപ്പേരിലായി മാറും.

സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുന്നതോടെ, അതത് വില്ലേജുകളില്‍ ഭൂവിവരങ്ങള്‍ ആധാര്‍ നമ്ബറുമായി ലിങ്ക് ചെയ്യുന്നതിനുള്ള തുടര്‍ നടപടികള്‍ ആരംഭിക്കും. പുതുതായി ഭൂമി രജിസ്റ്റര്‍ ചെയ്യുന്നവരുടെയും നിലവിലുള്ള ഭൂവുടമകളുടെയും ആധാര്‍, മൊബൈല്‍ നമ്ബറുകള്‍ ഇതിനായി അതത് വില്ലേജ് ഓഫീസുകളില്‍ ശേഖരിച്ചുതുടങ്ങും. ഇതിനുള്ള മാര്‍ഗരേഖ റവന്യൂവകുപ്പ് പുറത്തിറക്കും.

ആധാര്‍ നമ്പര്‍ മാത്രമാണ് ശേഖരിക്കുകയെന്നും ആധാറിലെ മറ്റുവിവരങ്ങള്‍ ആവശ്യമില്ലെന്നും അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. റവന്യൂ സേവനങ്ങള്‍ മികച്ചതാക്കുന്നതിനും ഭൂരേഖകളില്‍ കൃത്യത കൊണ്ടുവരുന്നതിനുമാണ് യു ടി എന്‍ പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപടികള്‍ വേഗത്തിലാക്കാന്‍ റവന്യൂമന്ത്രി കെ രാജന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

യു ടി എന്‍ വരുന്നതോടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ബിനാമി ഇടപാടുകളും തടയാനാകും. ക്രയവിക്രയങ്ങള്‍ സുതാര്യമാക്കാനും ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാനും പദ്ധതി ഉപകരിക്കുമെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ. ബിജു വ്യക്തമാക്കി. അധികഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് നല്‍കുക, വിവിധ ക്ഷേമപദ്ധതികളിലെ അനര്‍ഹരെ കണ്ടെത്തുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.യു ടി എന്‍ പദ്ധതി നടപ്പാക്കുന്നതിന് റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ആവശ്യമായ ക്രമീകരണം വരുത്താന്‍ സ്‌റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

Related News