Loading ...

Home International

വാക്സിന്‍ പ്രതിരോധത്തെ മറികടക്കാന്‍ ഡെല്‍റ്റ വൈറസിന് എട്ട് മടങ്ങ് ശേഷി കൂടുതലെന്ന് പഠനം

കോവിഡിനെതിരായ വാക്സിനെടുക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന പ്രതിരോധ ശേഷിയെ മറികടക്കാന്‍ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദത്തിന് എട്ട് മടങ്ങ് ശേഷി കൂടുതലാണെന്ന് പഠനം. വാക്സിനിലൂടെയുള്ള പ്രതിരോധ ശേഷിയെ മാത്രമല്ല, ഒരു തവണ കോവിഡ് ബാധിച്ചതിലൂടെ ലഭിക്കുന്ന ആര്‍ജിത പ്രതിരോധ ശേഷിയെയും ഡെല്‍റ്റ വൈറസ് മറികടക്കുമെന്നാണ് പഠനം. ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ 'നേച്ചറി'ലാണ് പ്രസിദ്ധീകരിച്ചത്.
ഡെല്‍റ്റ വകഭേദത്തിന് ശരീരത്തില്‍ കൂടുതല്‍ വൈറസ് പകര്‍പ്പുകളെ സൃഷ്ടിക്കാനുള്ള ശേഷിയും കൂടുതലാണ്. ഈ രണ്ട് പ്രത്യേകതകളുമാണ് ഡെല്‍റ്റ വകഭേദത്തിന്‍റെ അതിവേഗ വ്യാപനത്തിന് ഇടയാക്കുന്നതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഇന്ത്യയുള്‍പ്പെടെ 90ലേറെ രാജ്യങ്ങളില്‍ പ്രധാനമായും വ്യാപനത്തിലുള്ളത് കൊറോണ ഡെല്‍റ്റ വകഭേദമാണ്. ഡല്‍ഹിയിലെ ആശുപത്രികളിലെ 9000ത്തോളം ആരോഗ്യ ജീവനക്കാരില്‍ ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടായതും ഇവര്‍ പഠനവിധേയമാക്കി. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ശേഷമുണ്ടാകുന്ന കൊറോണ ബാധയെയാണ് ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ എന്ന് വിശേഷിപ്പിക്കുന്നത്. കോവിഷീല്‍ഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച 218 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണങ്ങളോടെ ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ സംഭവിച്ചതായാണ് കണ്ടെത്തിയത്.

Related News