Loading ...

Home National

വിവിധ സംസ്​ഥാനങ്ങളി​ല്‍ കോവിഡ്​ കേസുകള്‍ വര്‍ധിക്കുന്നത്​ മൂന്നാംതരംഗത്തിന്‍റെ ആദ്യ സൂചനയാകാമെന്ന്​​ വിദഗ്​ധര്‍

ന്യൂഡല്‍ഹി: കോവിഡ്​ 19ന്‍റെ രണ്ടാം തരംഗം തീവ്രമായി ബാധിക്കാത്ത സംസ്​ഥാനങ്ങളില്‍ പോലും കോവിഡ്​ കേസുകള്‍ വര്‍ധിക്കുന്ന പ്രവണതയാ​െണന്നും ഇത്​ മൂന്നാംതരംഗത്തിന്‍റെ ആദ്യ ലക്ഷണമാണെന്നും ​ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്​ മെഡിക്കല്‍ റിസര്‍ച്ച്‌​ (ഐ.സി.എം.ആര്‍) എപിഡമോളജി ആന്‍ഡ്​ കമ്യൂണിക്കബ്​ള്‍ ഡിസീസസ്​ മേധാവി ഡോ. സമീറന്‍ പാണ്ഡ. കോവിഡ്​ വ്യാപനം വിലയിരുത്തുമ്പോള്‍ ഇന്ത്യയെ മൊത്തമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ഓരോ സംസ്​ഥാനങ്ങളിലും സ്​ഥിതി വ്യത്യസ്​തമാണെന്നും പാണ്ഡ പറഞ്ഞു. കോവിഡിന്‍റെ മൂന്നാംതരംഗത്തെക്കുറിച്ച്‌​ മുന്നറിയിപ്പ്​ നല്‍കുകയായിരുന്നു അദ്ദേഹം.

'ഡല്‍ഹിയില്‍നിന്നും മഹാരാഷ്​ട്രയില്‍നിന്നും പാഠം ഉള്‍ക്കൊണ്ട്​ നിരവധി സംസ്​ഥാനങ്ങള്‍ കോവിഡ്​ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വാക്​സിനേഷന്‍ വര്‍ധിപ്പിക്കാനും തുടങ്ങി. നിരവധി സംസ്​ഥാനങ്ങളില്‍ കോവിഡിന്‍റെ രണ്ടാംതരംഗം രൂക്ഷമായിരുന്നില്ല, എന്നാല്‍ ഇവിടെ മൂന്നാംതരംഗത്തിന്‍റെ സാധ്യത തള്ളിക്കളയാനാകില്ല. അതിനാല്‍ ഇപ്പോള്‍ ചില സംസ്​ഥാനങ്ങളില്‍ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നത്​ മൂന്നാംതരംഗത്തെ സൂചിപ്പിക്കുന്നു' -പാണ്ഡ പറഞ്ഞു.

ഓരോ സംസ്​ഥാനങ്ങളുടെയും ഇപ്പോഴത്തെ കോവിഡ്​ കേസുകള്‍ പരിശോധിക്കണം. കൂടാതെ ഒന്ന്​, രണ്ട്​ തരംഗങ്ങളുടെ തീവ്രത പരിശോധിക്കണം. ഇതില്‍നിന്ന്​ മൂന്നാം തരംഗത്തെയും അതിന്‍റെ തീവ്രതയെയും മനസിലാക്കാനാകുമെന്നും ഡോക്​ടര്‍ പറഞ്ഞു. വിവിധ സംസ്​ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ്​ കേസുകള്‍ വര്‍ധിച്ചിരുന്നു. ഇത്​ മൂന്നാംതരംഗത്തിന്‍റെ സൂചനയായാണ്​ വിദഗ്​ധര്‍ കാണുന്നത്​.

സംസ്​ഥാനങ്ങള്‍ സ്​കൂളുകള്‍ തുറക്കുന്നതിന്​ തീരുമാനം എടുക്കുന്നുണ്ട്​. സ്​കൂളുകള്‍ തുറക്കു​ന്നതില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ദേശീയതലത്തില്‍ സംഘടിപ്പിച്ച സീറോ സര്‍വേയില്‍ 50 ശതമാനത്തിലധികം കുട്ടികള്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇത്​ മുതിര്‍ന്നവരേക്കാള്‍ അല്‍പ്പം കുറവ്​ മാത്രമാണ്​. അതിനാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്​കൂള്‍ തുറക്കുന്നത്​ സുരക്ഷിതമായ അന്തരീക്ഷത്തിലാണോയെന്ന്​ ഉറപ്പുവരുത്തണം. അധ്യാപകര്‍, മാതാപിതാക്കള്‍, ജീവനക്കാര്‍, ബസ്​ ഡ്രൈവര്‍മാര്‍, കണ്ടക്​ടര്‍മാര്‍ എല്ലാവരും വാക്​സിന്‍ സ്വീകരിക്കണം. കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായ സംസ്​ഥാനങ്ങളില്‍ ​സ്​കൂളുകള്‍ തുറക്കുന്നതില്‍ സുരക്ഷ പ്രശ്​നമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍, കോവിഡ്​ രണ്ടാംതരംഗത്തെ ഫലപ്രദമായി നേരിട്ട സംസ്​ഥാനങ്ങള്‍ സ്​കൂളുകള്‍ തുറക്കാന്‍ ആലോചിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

Related News