Loading ...

Home International

കാബൂള്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട റോക്കറ്റാക്രമണ ശ്രമം തകര്‍ത്തതായി യു.എസ്

കാബൂള്‍: താലിബാന്‍ ഭരണം കയ്യടക്കിയതിനെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ പുരോഗമിക്കുന്ന കാബൂളിലെ ഹാമിദ്​ കര്‍സായി വിമാനത്താവളം ലക്ഷ്യമി​ട്ടെത്തിയ റോക്കറ്റുകള്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌​ തകര്‍ത്തതായി അമേരിക്കന്‍ ഭരണകൂടം. തിങ്കളാഴ്ച രാവിലെയാണ്​ തുടര്‍ച്ചയായി റോക്കറ്റുകള്‍ വിമാനത്താവളം ലക്ഷ്യമി​ട്ടെത്തിയത്​. റോക്കറ്റുകള്‍ കാബൂളിലെ സലീം കര്‍വാന്‍ പ്രദേശത്ത്​ പതിച്ചതായി അധികൃതര്‍ അറിയിച്ചു. ഒന്ന്​ കെട്ടിടത്തിലാണ്​ വീണത്​. എന്നാല്‍ ആളപായമില്ലെന്നാണ്​ പ്രാഥമിക റിപ്പോര്‍ട്ട്​. കാബൂളിന്​ വടക്ക്​ ഒരു വാഹനത്തില്‍ നിന്നാണ്​ ആക്രമണമുണ്ടായതെന്ന്​ സൂചനയുണ്ട്​. രാവിലെ ആദ്യ ആക്രമണം നടന്നതിന്​ പിന്നാലെ കൂടുതല്‍​ റോക്കറ്റുകള്‍ എത്തുകയായിരുന്നു. എന്നാല്‍ ഇവക്കു പിന്നില്‍ ആരെന്ന്​ വ്യക്​തമല്ല. അതിനിടെ, കാബൂള്‍ വിമാനത്താവളം ലക്ഷ്യമിട്ട ചാവേറിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി യു.എസ്​ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി . തുടര്‍ന്നുള്ള ദിവസങ്ങളിലും സമാന ആക്രമണമുണ്ടാകുമെന്നാണ്​ റിപ്പോര്‍ട്ട്​. അതേ സമയം, ആഗസ്റ്റ് 31നുള്ളില്‍ രാജ്യം വിടാന്‍ താത്പര്യപ്പെട്ട അവസാനത്തെ 300 സൈനികരെയും സമയബന്ധിതമായി മടക്കിക്കൊണ്ടുപോകുമെന്ന്​ യു.എസ്​ അറിയിച്ചു. വരുംദിവസങ്ങളില്‍ ഐ.എസ്​ ഖുറാസാന്‍ ആക്രമണം ശക്​തമാക്കാന്‍ സാധ്യത മുന്നില്‍ക്കണ്ടാണ് ഒഴിപ്പിക്കല്‍ ​ അതിവേഗത്തിലാക്കുന്നത്​.

Related News