Loading ...

Home National

മൈസൂരുവിലെ കൂട്ടബലാത്സംഗം: പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണങ്ങളുമായി യൂണിവേഴ്സിറ്റി, ആണ്‍കുട്ടികള്‍ക്ക് നിയന്ത്രണം ബാധകമല്ല

മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ പെണ്‍കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിച്ച്‌ മൈസൂര്‍ യൂണിവേഴ്സിറ്റി. വൈകുന്നേരം 6.30ന് ശേഷം വിദ്യാര്‍ഥിനികള്‍ തനിച്ച്‌ കാമ്ബസില്‍ സഞ്ചരിക്കരുതെന്നാണ് സര്‍ക്കുലര്‍. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിയന്ത്രണങ്ങളെന്നാണ് അധികൃതരുടെ വിശദീകരണം. ആണ്‍കുട്ടികള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല.

യൂണിവേഴ്സിറ്റി രജിസ്ട്രാറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാര്‍ഥിനികള്‍ വൈകുന്നേരം 6.30ന് ശേഷം കുക്കരഹള്ളി തടാക പരിസരത്തേക്ക് പോകരുത്. കൂടാതെ മാനസ ഗംഗോത്രി ക്യാമ്ബസ് പരിസരത്ത് വിദ്യാര്‍ഥിനികള്‍ തനിച്ച്‌ 6.30ന് ശേഷം ഇരിക്കരുത്. വൈകുന്നേരം 6 മുതല്‍ 9 വരെ പട്രോളിംഗിനായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

കാമ്ബസില്‍ ഒഴിഞ്ഞ പ്രദേശങ്ങളുള്ളതിനാല്‍ പെണ്‍കുട്ടികളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയല്ല ലക്ഷ്യമെന്നും തനിച്ച്‌ പോകരുതെന്ന് മാത്രമാണ് നിര്‍ദേശമെന്നും വി.സി വ്യക്തമാക്കി. സര്‍ക്കുലറിലെ വാക്കുകളില്‍ പിശകുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്ത് 24നാണ് ചാമുണ്ഡി ഹില്‍സിലേക്ക് പോവുന്നതിനിടെ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. ഇവരെ ആറംഗ സംഘം പിന്തുടരുകയായിരുന്നു. സഹപാഠിയെ മര്‍ദിച്ച്‌ അവശനാക്കിയ ശേഷമാണ് സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവം നടന്ന് ആറ് മണിക്കൂറിന് ശേഷം ഇരുവരും പ്രധാന റോഡിലേക്ക് പ്രയാസപ്പെട്ട് നടന്നെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് വിദ്യാര്‍ഥികളെ അവശനിലയില്‍ കണ്ട ചില യാത്രക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്ന് അലനഹള്ളി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. അക്രമികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സഹപാഠി മൊഴി നല്‍കി.

പണം ആവശ്യപ്പെട്ടാണ് അക്രമികള്‍ ആദ്യം പെണ്‍കുട്ടിയെയും സഹപാഠിയെയും സമീപിച്ചതെന്ന് പൊലീസ് പറയുന്നു. പണം കൊടുക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെ അക്രമികള്‍ ഇരുവരെയും ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതികള്‍ ബൈക്കില്‍ കടന്നുകളഞ്ഞെന്നും പൊലീസ് അറിയിച്ചു.

Related News