Loading ...

Home International

കാബൂളില്‍ വീണ്ടും ഭീകരാക്രമണമുണ്ടായേക്കാമെന്ന്​ യു.എസ്​ മുന്നറിയിപ്പ്​

വാഷിങ്​ടണ്‍: കാബൂളില്‍ വീണ്ടും ഭീകരാക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. പ്രസിഡന്‍റ്​ ജോ ബൈഡനും വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസുമാണ്​ ഇതുസംബന്ധിച്ച മുന്നറിയിപ്പ്​ നല്‍കിയതെന്ന്​ വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി ജെന്‍ പസ്​കി പറഞ്ഞു. കാബൂളിലെ സുരക്ഷാദൗത്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന്​ ഇരുവരും നിര്‍ദേശിച്ചു.വരും ദിവസങ്ങളില്‍ അമേരിക്കയുടെ കാബൂള്‍ ഒഴിപ്പിക്കല്‍ ദുഷ്​കരമാകാനാണ്​ സാധ്യത. ഏറ്റവും നല്ല സുരക്ഷ കാബൂളില്‍ ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്​. ആയിരക്കണക്കിനാളുകളെ പ്രതിദിനം അഫ്​ഗാനില്‍ നിന്ന്​ വ്യോമമാര്‍ഗം യു.എസ്​ പുറത്തെത്തിക്കുന്നുണ്ടെന്നും പ്രസ്​ സെക്രട്ടറി പറഞ്ഞു. എത്രയും പെ​ട്ടെന്ന്​ മുഴുവന്‍ യു.എസ്​ പൗരന്‍മാരേയും അഫ്​ഗാനില്‍ നിന്ന്​ പുറത്തെത്തിക്കുകയാണ്​ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എയര്‍പോര്‍ട്ട്​ ഗേറ്റുകളില്‍ നിന്ന്​ മാറിനില്‍ക്കാന്‍ പൗരന്‍മാരോട്​ യു.എസ്​ നിര്‍ദേശിച്ചിട്ടുണ്ട്​. വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കാനും നിര്‍ദേശമുണ്ട്​. ഭീകരാക്രമണമുണ്ടാവാനുള്ള സാധ്യത മുന്നില്‍കണ്ടാണ്​ പൗരന്‍മാര്‍ക്ക്​ യു.എസ്​ വീണ്ടും മുന്നറിയിപ്പ്​ നല്‍കിയത്​. നിലവില്‍ 12ഓളം യു.എസ്​ വിമാനങ്ങളാണ്​ കാബൂളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്​. നേരത്തെ കാബൂളില്‍ ഐ.എസ്​ നടത്തിയ ഭീകരാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ 100ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. 13ഓളം യു.എസ്​ സൈനികര്‍ക്കും ആക്രമണത്തില്‍ ജീവന്‍ നഷ്​ടമായിരുന്നു.

Related News