Loading ...

Home Kerala

ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസിന്റെ സംസ്കാരം നാളെ

ന്യൂഡല്‍ഹി:മലങ്കര കത്തോലിക്ക സഭയുടെ ഗുരുഗ്രാം ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസ് (60) അന്തരിച്ചു. നാളെ രാവിലെ 10ന് നെബ്‌സറായ് സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്കു തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസിന്റെ മുഖ്യകാര്‍മികത്വം വഹിക്കും. കോവിഡനന്തരം നാലു മാസമായി ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയിലും ഫോര്‍ട്ടിസ് ആശുപത്രിയിലുമായി ചികിത്സയിലായിരിന്ന ബിഷപ്പ് ഇന്നലെ ഉച്ചയോടെയാണ് കാലം ചെയ്തത്. ബാഹ്യകേരള മിഷനുകളുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി 2007ല്‍ നിയമിതനായ മാര്‍ ബര്‍ണബാസ് 2015ല്‍ ഗുഡ്ഗാവ് ഭദ്രാസനം രൂപീകരിച്ചപ്പോള്‍ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. വടക്കേ ഇന്ത്യയിലെ 22 സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ അജപാലനശുശ്രൂഷ നിര്‍വഹിച്ചുവരികയായിരുന്നു. മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ സുവിശേഷസംഘത്തിന്റെ സഭാതല ചെയര്‍മാനും സിബിസിഐ വനിതാ കമ്മീഷന്‍ ചെയര്‍മാനുമായിരുന്നു. വേൾഡ് പീസ് മിഷന്റെ ഡൽഹി ഉൾപ്പടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ അന്നദാന പരിപാടിയുടെ മേൽനോട്ടവും വഹിച്ചിരുന്നു. റാന്നിയില്‍ പരേതനായ ഏറത്ത് എ.സി. വര്‍ഗീസിന്റെയും റേച്ചല്‍ വര്‍ഗീസിന്റെയും മകനായി 1960 ഡിസംബര്‍ മൂന്നിനായിരിന്നു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1975ല്‍ ബഥനി മിശിഹാനുകരണ സന്യാസസമൂഹത്തില്‍ ചേരുകയും പൂന പേപ്പല്‍ സെമിനാരിയില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി 1986ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. റോമിലെ അല്‍ഫോന്‍സിയാനം സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കി. 2000 മേയില്‍ ബഥനി സന്യാസസമൂഹത്തിന്റെ നവജ്യോതി പ്രോവിന്‍സ് സുപ്പീരിയറായി ചുമതലയേറ്റു. ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ മെത്രാനായി നിയമിച്ചതിനെത്തുടര്‍ന്ന് 2007 മാര്‍ച്ച് 10ന് മെത്രാനായി അഭിഷിക്തനാവുകയും മാര്‍ച്ച് 22ന് ബാഹ്യകേരള മിഷനുകളുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി സ്ഥാനമേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് 2015 മാര്‍ച്ച് 26ന് ഡല്‍ഹിഗുഡ്ഗാവ് സെന്റ് ക്രിസോസ്റ്റം രൂപതയുടെ പ്രഥമ അധ്യക്ഷനായി നിയമിതനായി മേയ് ഒന്നിന് സ്ഥാനാരോഹണം ചെയ്തു. വടക്കേ ഇന്ത്യയിലെ സഭയുടെ മിഷന്‍ പ്രദേശങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഗുഡ്ഗാവ് രൂപതയെ കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം ശക്തമായ നേതൃത്വം നല്‍കിയിരിന്നു.

Related News