Loading ...

Home National

സര്‍ക്കാര്‍ സ്​കൂള്‍ വിദ്യാര്‍ഥികള്‍ക്ക്​ പ്രഫഷനല്‍ കോഴ്​സുകളില്‍ സംവരണം; ബില്‍ അവതരിപ്പിച്ച്‌​ സ്റ്റാലിന്‍

ചെന്നൈ: പ്രഫഷനല്‍ കോഴ്​സുകളില്‍ സര്‍ക്കാര്‍ സ്​കൂളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക്​ 7.5 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച്‌​ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സര്‍ക്കാര്‍ സ്​കൂളില്‍ പഠിച്ചവര്‍ക്ക്​ എന്‍ജിനീയറിങ്, അഗ്രികള്‍ച്ചര്‍, ഫിഷറീസ്​, നിയമം എന്നിവയില്‍ ഇതോടെ 7.5 ശതമാനം സംവരണം ലഭിക്കും.

ഈ മാസം ആദ്യം നടന്ന മന്ത്രിസഭ യോഗത്തില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന്​ സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ സ്​കൂളുകളില്‍ പഠിച്ച വളരെ കുറച്ച്‌​ വിദ്യാര്‍ഥികള്‍ മാത്രമാണ്​ പ്രഫഷനല്‍ കോഴ്​സുകളില്‍ പ്രവേശനം നേടുന്നതെന്നും കുടുംബത്തിലെ ദാരിദ്ര്യവും കോഴ്​സുകളെക്കുറിച്ച്‌​ അറിവില്ലായ്​മയുമാണ്​ ഇതിന്​ കാരണമെന്നും സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.

ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികളുടെ ക്ഷേമം പരിഗണിച്ച്‌​ 2006ല്‍ അന്നത്തെ ഡി.എം.കെ സര്‍ക്കാര്‍ പ്രഫഷനല്‍ കോഴ്​സുകളിലേക്കുള്ള പ്രവേശന പരീക്ഷ റദ്ദാക്കിയത്​ സ്റ്റാലിന്‍ അനുസ്​മരിച്ച​ു.

'സര്‍ക്കാര്‍ സ്​കൂള്‍ വിദ്യാര്‍ഥികള്‍ക്ക്​ പ്രഫഷനല്‍ കോഴ്​സുകളില്‍ ചേരുന്നതിന്​ നിലവില്‍ ഒരുപാട്​ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായി വരുന്നു. അവര്‍ സ്വകാര്യ സ്​കൂളുകളിലെ വിദ്യാര്‍ഥികളുമായി മത്സരിക്കേണ്ടിവരുന്നു' -സ്റ്റാലിന്‍ പറഞ്ഞു.

പ്രതിപക്ഷമായ എ.​െഎ.എ.ഡി.എം.കെ ബില്ലിനെ അനുകൂലിച്ച്‌ രംഗത്തെത്തി. നിയമസഭയില്‍ ബില്‍ ഒറ്റക്കെട്ടായി പാസാക്കുമെന്നും പ്രതിപക്ഷ നേതാവ്​ എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.

Related News