Loading ...

Home National

പ്രതികളുടെ സ്വത്ത് മരവിപ്പിച്ച്‌ കേസ് വലിച്ചുനീട്ടുന്നത്തിനെതിരെ കേന്ദ്ര ഏജന്‍സികള്‍ക്ക് സുപ്രീം കോടതി വിമര്‍ശനം

ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ ഹൈക്കോടതി അനുമതിയുണ്ടെങ്കില്‍ പിന്‍വലിക്കാമെന്ന് സുപ്രീംകോടതി. പിന്‍വലിക്കുന്നതിന് മുമ്ബ് കേസുകള്‍ കൃത്യമായി പരിശോധിക്കണം. പ്രതികളുടെ സ്വത്തുക്കള്‍ മരവിപ്പിച്ച ശേഷം കേസുകള്‍ വലിച്ചുനീട്ടുന്നതില്‍ സി.ബി.ഐയെയും ഇ.ഡിയെയും കോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ജനപ്രതിനിധികള്‍ക്കെതിരായ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹൈക്കോടതി റിപ്പോര്‍ട്ടുകളും എന്‍.ഐ.എ, ഇ.ഡി, സി.ബി.ഐ കേസുകളുമായി ബന്ധപ്പെട്ട കേന്ദ്ര റിപ്പോര്‍ട്ടും ബെഞ്ച് പരിശോധിച്ചു. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

ജനപ്രതിനിധികള്‍ കുറ്റക്കാരെങ്കില്‍ വേഗത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണം. അതേസമയം എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും എതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നതിനെ പൂര്‍ണമായി എതിര്‍ക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസുകള്‍ പിന്‍വലിക്കുന്നതിന് മുന്‍പ് കൃത്യമായി പരിശോധിക്കണം. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കില്‍ കേസുകള്‍ പിന്‍വലിക്കാമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

അതേസമയം റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച കോടതി കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇ.ഡി സ്വത്ത് കണ്ടുകെട്ടിയതിന് ശേഷം നടപടികള്‍ വൈകിപ്പിക്കുന്നു. പത്ത് മുതല്‍ ഇരുപത് വര്‍ഷം വരെ ഇത്തരം നടപടികള്‍ നീണ്ടു പോയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കേന്ദ്രത്തിന് സുപ്രിം കോടതി നിര്‍ദേശം നല്‍കി.

സാമ്ബത്തിക ക്രമക്കേട് കേസുകളിലെ അന്വേഷണം പൂര്‍ത്തിയാകാന്‍ സമയം എടുക്കുമെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത മറുപടി നല്‍കിയത്. കേസില്‍ ഉത്തരവ് പിന്നീട് പുറപ്പെടുവിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി.

Related News