Loading ...

Home International

അഫ്ഗാനില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ചൈന

താലിബാന്‍ അധികാരമേറ്റെടുത്ത അഫ്ഗാനിസ്താനില്‍ വന്‍തോതില്‍ നിക്ഷേപത്തിനൊരുങ്ങി ചൈന. ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളും സ്വകാര്യ കമ്പനികളും വ്യത്യസ്തമായ നിക്ഷേപ പദ്ധതികളാണ് അഫ്ഗാനില്‍ ലക്ഷ്യമിടുന്നതെന്നും യുദ്ധം കാരണം താറുമാറായ രാജ്യത്തിനുള്ള 'ആത്മാര്‍ത്ഥമായ സഹായ'മാണിതെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

താലിബാനുമായുള്ള വിജയകരമായ നയതന്ത്രത്തിന് അടിവരയിടുന്നതാണ് നിക്ഷേപങ്ങളെന്നും, രാഷ്ട്രീയ സുരക്ഷയും ചൈനയുടെ ദേശീയ നയവും പരിഗണിച്ച്‌ ഏറെ കാത്തിരുന്നു കണ്ട ശേഷമാണ് ചൈനീസ് പൊതുമേഖലാ കമ്ബനികള്‍ അഫ്ഗാനില്‍ നിക്ഷേപിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ കമ്ബനികള്‍ റിസ്‌കെടുത്തു കൊണ്ടുള്ള നീക്കമാണ് നടത്തുന്നത്. അഫ്ഗാനില്‍ ചൈനയുടെ ബിസിനസ് അനായാസമാക്കാന്‍ താലിബാന്‍ വഴിയൊരുക്കും. താലിബാനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയാലും ചൈനീസ് സ്വകാര്യ കമ്ബനികള്‍ അഫ്ഗാനില്‍ പതറാതെ നില്‍ക്കും. - ഗ്ലോബല്‍ ടൈംസ് പറയുന്നു.

താലിബാന്റെ പെരുമാറ്റത്തിനനുസരിച്ചായിരിക്കും അവര്‍ക്കെതിരെ ഉപരോധം വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്‍ ജി 7 രാജ്യങ്ങളുടെ യോഗത്തില്‍ താലിബാനെ ഉപരോധിക്കണമെന്ന നിലപാടെടുത്തേക്കും. എന്നാല്‍, അമേരിക്കയുടെ പിന്മാറ്റത്തോടെ തങ്ങള്‍ക്കു ലഭിച്ച ഭൗമ - രാഷ്ട്രീയ മേല്‍ക്കൈ തകര്‍ക്കാനുദ്ദേശിച്ചുള്ളതാവും ഉപരോധനീക്കങ്ങളെന്നും ഇതിനെ മറികടക്കാനുള്ള വഴികള്‍ തേടുമെന്നും ചൈന പറയുന്നു.

അഫ്ഗാനിസ്താനില്‍ ഹൈവേയടക്കം നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന നടത്തിയിട്ടുണ്ട്. തലസ്ഥാനമായ കാബൂളില്‍ 2019-ല്‍ സ്ഥാപിച്ച 'ചൈന ടൗണി'ല്‍ വസ്‌ത്രോല്‍പ്പന്നങ്ങളടക്കമുള്ളവയുടെ പത്തിലേറെ ഫാക്ടറികളാണുള്ളത്. സുരക്ഷാ കാരണങ്ങളാല്‍ ഇവയില്‍ മിക്കതും ട്രയല്‍ റണ്ണിനു ശേഷം പ്രവര്‍ത്തിച്ചിട്ടില്ല. താലിബാന്‍ അധികാരം പിടിക്കുകയും അമേരിക്ക പിന്മാറുകയും ചെയ്തതോടെ ഇവ പ്രവര്‍ത്തനക്ഷമമാക്കാമെന്നാണ് ചൈന കണക്കുകൂട്ടുന്നത്.

Related News