Loading ...

Home National

അധികാരികളെ ചോദ്യം ചെയ്യാന്‍ ഓരോ ഇന്ത്യയ്ക്കാരനും അവകാശം: സുപ്രിംകോടതി

ന്യൂഡല്‍ഹി: അധികാരികളുടെ നടപടികളെ നിരന്തരം ചോദ്യം ചെയ്യാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്ന് സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് രവീന്ദ്രഭട്ട്. വലിയ വില കൊടുത്താണ് നമ്മള്‍ സ്വാതന്ത്ര്യം നേടിയതെന്നും ജനാധിപത്യം ജനങ്ങളുടെ വിചാരണയ്ക്ക് വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. കണക്ടിങ് ഗവേണ്‍ഡ്, ഗവേണിങ് ആന്‍ഡ് ഗവേണന്‍സ് എന്ന ഫോറത്തിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് രവീന്ദ്രഭട്ട്.

'ജനാധിപത്യം വഴിയുള്ള നിയമസംവിധാനം നിരന്തരപ്രക്രിയയാണ്. അതില്‍ ജനങ്ങളുടെ സൂക്ഷ്മപരിശോധന പരമപ്രധാനമാണ്. കോടതികളും ആ വ്യവഹാരത്തിന്റെ ഭാഗമാണ്. നിയമവ്യവസ്ഥയും നിയമം മൂലമുള്ള വ്യവസ്ഥയും തമ്മില്‍ വ്യത്യാസമുണ്ട്. ഒന്ന് ജനാധിപത്യമാണ്, ജനങ്ങളാണ് ഭരണാധികാരികള്‍. രണ്ടാമത്തേത് രാജാധികാരമാണ്. ഏകാധിപതിയുടെ അധികാരമാണത്. എല്ലാം പരാജയപ്പെടുമ്ബോള്‍ നിയമവ്യവസ്ഥയുടെ തുടര്‍ച്ച നിലനിര്‍ത്താനുള്ള അവസാനത്തെ കേന്ദ്രമാണ് കോടതികള്‍' - അദ്ദേഹം പറഞ്ഞു.

'വലിയ വില കൊടുത്താണ് നാം സ്വാതന്ത്ര്യം നേടിയത്. അതുകൊണ്ടു തന്നെ ഓരോ ഇന്ത്യയ്ക്കാരനും അധികാരത്തില്‍ ഇരിക്കുന്നവരെ ചോദ്യം ചെയ്യാനുള്ള അവകാശങ്ങള്‍ നിരന്തരം ഉപയോഗിക്കണം. കാരണം ജനാധിപത്യം ആര്‍ക്കും സൗജന്യഭക്ഷണം തരുന്നില്ല. അതിക്രമങ്ങളില്ലാതെ സ്വാതന്ത്ര്യത്തിന് കാവല്‍ നില്‍ക്കേണ്ടത് നമ്മുടെ ബാധ്യതയാണ്'- ജസ്റ്റിസ് ഭട്ട് വ്യക്തമാക്കി.

Related News