Loading ...

Home National

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ മോദി ചിത്രം; വിദേശത്ത് ഇന്ത്യക്കാരെ തടഞ്ഞുവച്ച്‌ ഉദ്യോഗസ്ഥര്‍

കോവിഡിനുശേഷം മറ്റു പല മേഖലകളെയും പോലെ വിദേശയാത്രയും മുന്‍പത്തെക്കാള്‍ സങ്കീര്‍ണമായിരിക്കുകയാണ്. സാധാരണ യാത്രാരേഖകള്‍ക്കു പുറമെ ഇപ്പോള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കിയാലേ വിദേശരാജ്യങ്ങളിലേക്ക് പ്രവേശനമുള്ളൂ. ഓരോ രാജ്യത്തു പോകുമ്ബോഴും എമിഗ്രേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതുണ്ട്. മിക്ക രാജ്യങ്ങളും ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിവരുന്നത്. ഉദാഹരണത്തിന് യൂറോപ്യന്‍ യൂനിയന്‍(ഇ.യു) അംഗരാജ്യങ്ങള്‍ക്കിടയില്‍ തടസങ്ങളൊന്നുമില്ലാതെ സഞ്ചരിക്കാവുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ആണ് അവിടങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കിവരുന്നത്. അതില്‍, വ്യക്തിവിവരങ്ങളല്ലാതെ ഭരണാധികാരികളുടെ ചിത്രങ്ങളോ പേരോ കാണാനാകില്ല.

എന്നാല്‍, ഇന്ത്യയിലെ കാര്യം വ്യത്യസ്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ കോവിഡ് സര്‍ട്ടിഫിക്കറ്റുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നല്‍കിവരുന്നത്. എന്നാല്‍, വിദേശയാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കുമുന്‍പില്‍ പുതിയൊരു കുരുക്കായി മാറിയിരിക്കുകയാണ് ഈ മോദിചിത്രം. പലയിടത്തും ഇന്ത്യക്കാര്‍ മണിക്കൂറുകള്‍ നേരമാണ് ഇതുകാരണം തടഞ്ഞുനിര്‍ത്തപ്പെടുകയും ചോദ്യം നേരിടുകയും ചെയ്യുന്നത്. ചിലയിടങ്ങളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നു സംശയിച്ച്‌ ഉദ്യോഗസ്ഥര്‍ നിയമനടപടിക്കൊരുങ്ങുയ അനുഭവവുമുണ്ട്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ കാണുന്ന ചിത്രവും യാത്രക്കാരനും തമ്മില്‍ അജഗജാന്തരമുണ്ടാകുമ്ബോള്‍ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നതിനെ കുറ്റപ്പെടുത്താന്‍ പറ്റില്ലല്ലോ..!!

ജര്‍മനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ ദീപ്തി തമന്നെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ തന്റെ ദുരനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം വാര്‍ത്തയാകുന്നത്. ഇതോടെ വിവിധ വിദേശ രാജ്യങ്ങളില്‍ നേരിട്ട പ്രയാസങ്ങള്‍ പങ്കുവച്ച്‌ കൂടുതല്‍ പേരും രംഗത്തെത്തി. ദീപ്തിയുടെ അനുഭവം ഇങ്ങനെയായിരുന്നു:

''ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തിലുള്ള സ്ത്രീ ഞെട്ടിയിരിക്കുകയായിരുന്നു. വീണ്ടും വീണ്ടും എന്റെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നോക്കിക്കൊണ്ടിരുന്നു അവര്‍. നിത്യവും നിരവധി യാത്രികരെയാണ് രാവും പകലും താന്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നും എന്നാല്‍, ഒരു വ്യക്തിഗത രേഖയില്‍ ഏതെങ്കിലും പ്രധാനമന്ത്രിയുടെ ചിത്രം കാണുന്നത് ഇതാദ്യമായാണെന്നും അവര്‍ എന്നോട് പറഞ്ഞു. നമ്മളെന്തോ കുറ്റം ചെയ്ത വിചാരത്തിലായിരുന്നു അവര്‍...''

Related News