Loading ...

Home International

വിമാനത്തില്‍നിന്നു വീണ്​ മരിച്ചവരില്‍ അഫ്​ഗാന്‍ ദേശീയ താരം സകി അന്‍വരിയും

കാബൂള്‍: താലിബാന്‍ ഭരണത്തില്‍നിന്ന്​ എങ്ങനെയും രക്ഷപ്പെടാന്‍ ശ്രമിച്ച്‌​ ദുരന്തത്തില്‍ പെട്ടവരുടെ കണ്ണീരാണിപ്പോള്‍ അഫ്​ഗാനിസ്​താന്‍റെ ദുഃഖം. രക്ഷപ്പെടുന്നവരെ കൊണ്ടുപോകാനായി എത്തിയ യു.എസ്​ സൈനിക വിമാനത്തിന്​ പുറത്തു കയറിപ്പറ്റിയവര്‍​ ആകാശത്തുനിന്ന്​ താഴെ പതിച്ചും ലാന്‍റിങ്​ ഗിയറിനുള്ളില്‍ കുടുങ്ങിയും മരണത്തിന്​ കീഴടങ്ങുകയായിരുന്നു​. മൂന്നു പേരാണ്​ ഒരു വിമാനത്തില്‍നിന്ന്​ താഴെ വീണ്​ നുറുങ്ങിപ്പോയത്​. അകത്ത്​ കുടുങ്ങിയ ചിലരുടെ ശരീരാവശിഷ്​ടങ്ങള്‍ മാത്രം​ ബാക്കിയായി​.

അതിലോരാള്‍ ദേശീയ ടീമിനു വേണ്ടി ബൂട്ടുകെട്ടിയ 19കാരന്‍ സകി അന്‍വരിയുമുണ്ടെന്ന്​ അഫ്​ഗാന്‍ കായിക വകുപ്പ്​ അറിയിച്ചു. വിമാനത്തിന്​ പുറത്ത്​ അള്ളിപ്പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച അന്‍വരി താഴെ വീണ്​ മരണം പുല്‍കുകയായിരുന്നു.

താലിബാന്‍ കാബൂളിലെത്തിയ ഞായറാഴ്​ചയും തിങ്കളാഴ്ചയുമാണ്​ ഇതുപോലുള്ള ദുരന്തങ്ങള്‍ നടന്നത്​. ജനം കൂട്ടമായി വിമാനത്താവളത്തിനകത്ത്​ തടിച്ചുകൂടുകയായിരുന്നു. റണ്‍വേയില്‍ ഓടിത്തുടങ്ങിയ കൂറ്റന്‍ വിമാനത്തിനൊപ്പം നൂറുകണക്കിന്​ അഫ്​ഗാനികള്‍ കൂട്ടമായി ഓടുന്ന ഞെട്ടിക്കുന്ന വിഡിയോയും പുറത്തുവന്നു. വിമാനത്തില്‍നിന്ന് രണ്ടുപേര്‍​ താഴെ പതിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചു.

അന്‍വരിയുടെ മരണത്തില്‍ അഫ്​ഗാന്‍ കായിക മന്ത്രാലയം അനുശോചനമറിയിച്ചു. സമൂഹ മാധ്യമങ്ങളിലും അന്‍വരിക്ക്​ ഓര്‍മപ്പൂക്കളള്‍പ്പിക്കുന്നവരേറെ.നിലവില്‍ 4500 ഓളം അമേരിക്കന്‍ സൈനികരാണ്​ കാബൂള്‍ വിമാനത്താവളത്തില്‍ കാവലായി നില്‍ക്കുന്നത്​. ഇവിടെനിന്നാണ്​ നാട്ടുകാരെയും വിദേശികളെയും ഒഴിപ്പിക്കല്‍ തുടരുന്നത്​.

Related News