Loading ...

Home National

ജഡ്ജിമാരുടെ സുരക്ഷ: റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം പിഴ

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ സുരക്ഷയ്ക്കായി സ്വീകരിക്കുന്ന അടിയന്തര നടപടികളെക്കുറിച്ചുള്ള വിശദമായ സത്യവാങ്മൂലം സമ‌ര്‍പ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം പിഴ വിധിച്ച്‌ സുപ്രീംകോടതി. ജാര്‍ഖണ്ഡില്‍ ജില്ലാ ജഡ്ജിയെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വാദം കേള്‍ക്കവെ, ചീഫ് ജസ്റ്റിസ് എന്‍.വി. രമണ,​ ജസ്റ്റിസുമാരായ സൂര്യകാന്ത്,​ അനിരുദ്ധ ബോസ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പിഴ വിധിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ പിഴ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ അഡ്വക്കേറ്റ് വെല്‍ഫയര്‍ ഫണ്ടില്‍ നിക്ഷേപിക്കണം. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇവ പാലിക്കാത്ത പക്ഷം ചീഫ് സെക്രട്ടറിമാരെ നേരിട്ട് കോടതിയിലേക്ക് വിളിപ്പിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. നടപടികളെടുത്തെന്ന് നിറം പിടിപ്പിച്ച അവകാശവാദങ്ങളാണ് സംസ്ഥാനങ്ങള്‍ അവതരിപ്പിക്കുന്നത്. എന്നിട്ടും ജഡ്ജിമാര്‍ക്കെതിരെ വീണ്ടും അക്രമങ്ങളുണ്ടാകുന്നു. സംസ്ഥാനങ്ങളില്‍ വേണ്ടത്ര സി.സി ടി.വി ക്യാമറകള്‍ പോലുമില്ല. ക്യാമറകളില്‍ കുറ്റകൃത്യങ്ങള്‍ പതിയുമെന്നത് അക്രമത്തില്‍ നിന്നും ഭീഷണിപ്പെടുത്തുന്നതില്‍ നിന്നും ക്രിമിനലുകളെ തടയുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ മാത്രമായി കെട്ടി വയ്ക്കരുതെന്നും കേന്ദ്രത്തോട് കോടതി നിര്‍ദ്ദേശിച്ചു.

Related News