Loading ...

Home Kerala

രോഗികളെ അതിര്‍ത്തിയില്‍ തടയരുത്, കര്‍ണാടകയോട് കേരള ഹൈക്കോടതി

കൊച്ചി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുമായി വരുന്ന ഏതു വാഹനത്തെയും അതിര്‍ത്തി കടന്നു പോകാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുവദിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന പേരില്‍ അതിര്‍ത്തിയില്‍ നിയന്ത്രണം ശക്തമാക്കിയതിനെതിരെ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷറഫ് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റിസ് ഷാജി. പി. ചാലി, ജസ്റ്റിസ് എ. ബദറുദ്ദീന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

അടിയന്തര ചികിത്സ വേണ്ട രോഗികളെ തടയില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. എന്നാല്‍ ആംബുലന്‍സുകളെ മാത്രമാണ് കടത്തി വിടുന്നതെന്നും രോഗികളുമായി പോകുന്ന മറ്റു വാഹനങ്ങളെ തടയുകയാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. തുടര്‍ന്നാണ് ചികിത്സ തേടിയെത്തുന്നവരെ കടത്തി വിടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

മംഗലാപുരത്തേക്ക് ദിവസവും യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളും രോഗികളുമൊക്കെ നിയന്ത്രണത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഇതിനെ കര്‍ണാടക സര്‍ക്കാര്‍ എതിര്‍ത്തു. കേരളത്തിലും ദക്ഷിണ കന്നട ജില്ലകളിലും കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജൂലായ് 31 ന് ഉത്തരവ് പുറപ്പെടുവിച്ചത്. കര്‍ണാടകയില്‍ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പ്രവേശിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയിലേക്ക് ദിവസവും യാത്ര ചെയ്യേണ്ടി വരുന്നവര്‍ 15 ദിവസം കൂടുമ്ബോള്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ജൂലായ് 31 ലെ ഉത്തരവില്‍ പറയുന്നതെന്നും കര്‍ണാടക എ.ജി വിശദീകരിച്ചു. ഉത്തരവ് നടപ്പാക്കാന്‍ കര്‍ണാടക ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇതിനു വിരുദ്ധമായി കേരള ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കാനാവില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. തുടര്‍ന്നാണ് ജൂലായ് 31 ലെ ഉത്തരവില്‍ പറയുന്ന പ്രകാരം രോഗികളെ ഏതു വാഹനമെന്നു നോക്കാതെ കടത്തി വിടണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചത്.

വിശദീകരണത്തിന് കൂടുതല്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം കണക്കിലെടുത്ത് ഹര്‍ജി ആഗസ്റ്റ് 25ന് പരിഗണിക്കാന്‍ മാറ്റി.

Related News