Loading ...

Home International

അഫ്ഗാനില്‍ എത്രയും പെട്ടെന്ന് ഇടപെടണം: ലോകനേതാക്കളോട് മലാലയുടെ അഭ്യര്‍ഥന

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായ്. അഫ്ഗാനില്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് മലാല ലോകനേതാക്കളോട് അഭ്യര്‍ഥിച്ചു.

അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും മലാല പറഞ്ഞു. അഫ്ഗാനിലെ ജനങ്ങളെ സംരക്ഷിക്കാന്‍ ധീരമായ നടപടികള്‍ കൈക്കൊള്ളണം. വിവിധ ലോകനേതാക്കളുമായി സംസാരിക്കുന്നുണ്ടെന്നും മലാല ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

"ഇത് അടിയന്തര ഇടപെടല്‍ അവശ്യമായ മാനുഷിക പ്രതിസന്ധിയാണ്. അഫ്ഗാന്‍ ജനതയ്ക്ക് സഹായവും പിന്തുണയും നല്‍കേണ്ടത് ആവശ്യമാണ്. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ ചില ആക്ടിവിസ്റ്റുകളുമായി സംസാരിച്ചു. ഇനി ജീവിതം എങ്ങനെയായിരിക്കുമെന്ന് ഉറപ്പില്ലെന്ന ആശങ്ക അവര്‍ പങ്കുവെക്കുന്നു."- മലാല പറഞ്ഞു.

പാക് താലിബാന്‍റെ വധശ്രമം അതിജീവിച്ച വ്യക്തിയാണ് മലാല. 2012ലാണ് മലാലയെ താലിബാന്‍ വെടിവെച്ച്‌ കൊല്ലാന്‍ ശ്രമിച്ചത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ പ്രചാരണം നടത്തിയതോടെയാണ് താലിബാന്‍ മലാലയെ ലക്ഷ്യമിട്ടത്. തലയ്ക്ക് വെടിയേറ്റ മലാല ഇംഗ്ലണ്ടിലെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. 2014ലാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം മലാലക്ക് ലഭിച്ചത്. നോബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. അഫ്ഗാനെ കുറിച്ചുള്ള ആശങ്ക മലാല ട്വിറ്ററിലും പങ്കുവെച്ചു.

Related News