Loading ...

Home Kerala

കേരള ശാസ്ത്ര പുരസ്കാരം പ്രഫ. എം.എസ്. സ്വാമിനാഥനും പ്രഫ. താണു പത്മനാഭനും

തിരുവനന്തപുരം: 2021ലെ കേരള ശാസ്ത്ര പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവുമായ എം.എസ്. സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ പ്രഫ. താണു പത്മനാഭനുമാണ് പുരസ്കാര ജേതാക്കള്‍. കൃഷിശാസ്ത്ര ഗവേഷണ മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ചാണ് പ്രഫ. എം.എസ്. സ്വാമിനാഥനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടമാണ് പ്രഫ. താണു പത്മനാഭനെ പുരസ്‌കാര അര്‍ഹനാക്കിയത്.

രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് കേരള ശാസ്ത്ര പുരസ്കാരം. ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായാണ് പുരസ്കാരം നല്‍കുന്നത്. പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ആവിഷ്കരിച്ച ഏറ്റവും വലിയ അംഗീകാരമാണ് കേരള ശാസ്ത്ര പുരസ്കാരം.

1925ല്‍ ജനിച്ച പ്രഫ. എം.എസ്. സ്വാമിനാഥന്‍ ആലപ്പുഴ ജില്ലയിലെ മങ്കൊമ്ബ് സ്വദേശിയാണ്. തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളജില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദം നേടി. കോയമ്ബത്തൂര്‍ കാര്‍ഷിക കോളജ്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ തുടര്‍പഠനം നടത്തി. 1952 ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പി.എച്ച്‌.ഡി കരസ്ഥമാക്കി. ഇന്ത്യന്‍ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അത്യുത്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തര്‍ദ്ദേശീയതലത്തില്‍ പ്രശസ്തനാക്കിയത്. കാര്‍ഷികമേഖലയില്‍ അദ്ദേഹം നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്‍റെ പിതാവെന്ന് വിശേഷിപ്പിക്കാന്‍ ഇടയാക്കി.

പ്രഫ. താണു പത്മനാഭന്‍ 1957ല്‍ തിരുവനന്തപുരത്താണ് ജനിച്ചത്. തിരുവനന്തപുരം യൂണിവേഴിസിറ്റി കോളജില്‍ നിന്നും സ്വര്‍ണ്ണമെഡലോടെ ബി.എസ്.സി, എം.എസ്.സി ബിരുദങ്ങള്‍ നേടി. മുംബൈയിലെ ഡി.ഐ.എഫ്.ആറില്‍ നിന്ന് പി.എച്ച്‌.ഡി കരസ്ഥമാക്കി. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകര്‍ഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന വിഷയങ്ങള്‍. പുനെയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സിലെ അക്കാദമി വിഭാ​ഗം ഡീനായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ അവിടെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രഫസറാണ്.

Related News