Loading ...

Home Kerala

കാബൂളില്‍ കുടുങ്ങി 36 മലയാളികള്‍; അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി

അഫ്ഗാനിലെ കാബൂളില്‍ കുടുങ്ങിയത് 36 മലയാളികള്‍. ഇവരെ നാട്ടിലെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇതുസംബന്ധിച്ച്‌ നോര്‍ക്കയ്ക്ക് നിര്‍ദേശം നല്‍കി. ഇതിനായുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നോര്‍ക്ക വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

കുടുങ്ങിക്കിടക്കുന്ന മലയാളികളുമായി നോര്‍ക്ക അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ നോര്‍ക്ക സി.ഇ.ഒ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. കൂടുതല്‍ മലയാളികള്‍ അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നത് നോര്‍ക്ക പരിശോധിച്ചുവരികയാണ്.

അതേസമയം,അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിച്ചു. അംബാസഡറും നയതന്ത്ര പ്രതിനിധികളും അടക്കം 120 പേരെ വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. കാബൂളില്‍ നിന്ന് വ്യോമസേനയുടെ സി-17 വിമാനത്തിലാണ് പൗരമാരെ എത്തിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളില്‍ എത്തിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമര്‍ജന്‍സി വിസ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ജനത്തിരക്ക് കാരണം അടച്ചിട്ട കാബൂള്‍ വിമാനത്താവളം തുറന്നതോടെ പൗരന്മാരെ കൊണ്ടുപോകുന്നത് പുനരാരംഭിക്കുമെന്ന് ലോകരാജ്യങ്ങള്‍ അറിയിച്ചിരുന്നു. ഇന്ത്യയും കൂടുതല്‍ വിമാനങ്ങളയക്കും. ഇന്ത്യന്‍ പൗരന്മാരെ അഫ്ഗാനില്‍ നിന്ന് തിരികെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അമേരിക്കയുടെ സഹായം തേടി‍യിരുന്നു.


Related News