Loading ...

Home International

'സൗഹൃദത്തിന് തയ്യാര്‍'; താലിബാനെ അം​ഗീകരിച്ച്‌ ചൈന

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ച്‌ ചൈന. താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന അറിയിച്ചു. ഭീകരവാദ പട്ടികയില്‍ നിന്ന് താലിബാനെ നീക്കം ചെയ്യാന്‍ റഷ്യ തീരുമാനിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, രാജ്യത്തിന് പുറത്തേക്ക് രക്ഷപ്പെടാന്‍ താത്പര്യമുള്ളവരെല്ലാം ഒഴുകിയെത്തിയതോടെ കാബൂള്‍ വിമാനത്താവളം സംഘര്‍ഷാവസ്ഥയിലാണ്.

അമേരിക്കന്‍ പിന്‍മാറ്റം തീരുമാനമായ പശ്ചാതലത്തില്‍, ജൂലൈയില്‍ ചൈനീസ് വിദേശകാര്യമന്ത്രി താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതും നേരത്തെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. താലിബാന്‍ മേധാവി മുല്ല അബ്ദുല്‍ ഗനി ബര്‍ദര്‍ ഉള്‍പ്പടെയുള്ള ഒന്‍പതംഗ താലിബാന്‍ സംഘവുമായാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി കൂടിക്കാഴ്ച്ച നടത്തിയത്. അഫ്ഗാനിലെ ചൈനീസ് എംബസിയുടെ പ്രവര്‍ത്തനം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നും ചൈന വ്യക്തമാക്കി.അഫ്ഗാനിലെ നിര്‍ണായകമായ രാഷ്ട്രീയ - സൈനിക ശക്തിയാണ് താലിബാനെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് താലിബാന് വലിയ പങ്കുവഹിക്കാനാകുമെന്നും ചൈന അറിയിച്ചിരുന്നു. നിലവില്‍ പല രാജ്യങ്ങളും താലിബാനെ ഭീകരസംഘടനയായി തന്നെയാണ് അംഗീകരിച്ചിരിക്കുന്നത്.അതിനിടെ, അഫ്ഗാനിസ്താന്‍ പൂര്‍ണമായും താലിബാന്റെ നിയന്ത്രണത്തിലായി. അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ താലിബാന്‍ നേതാക്കള്‍ പ്രസിഡന്‍റ് കൊട്ടാരത്തില്‍ പ്രവേശിക്കുകയായിരുന്നു. അഫ്ഗാന്‍റെ പേര് 'ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍' എന്നാക്കി ഉടന്‍ പ്രഖ്യാപിക്കുമെന്നും താലിബാന്‍ അറിയിച്ചു.


Related News