Loading ...

Home Education

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നീട്ടി ; അപേക്ഷകള്‍ 24 മുതല്‍ സ്വീകരിക്കും

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24ന് സ്വീകരിച്ചു തുടങ്ങും. ഇന്നു മുതല്‍ അപേക്ഷ സ്വീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രോസ്പെക്ടസിലും സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തേണ്ടതിനാലാണ് നീട്ടിയത്. മുന്നാക്ക സംവരണ മാര്‍​ഗനിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് നാളെ പ്രസിദ്ധീകരിക്കും.

സംവരണം സംബന്ധിച്ച കോടതി വിധികളുടെ പശ്ചാത്തലത്തില്‍ ഭേദഗതി വരുത്തിയ പ്രോസ്പെക്ടസിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇത്തവണ അപേക്ഷ സ്വീകരിക്കുക. മാറ്റം വരുത്തിയ സോഫ്റ്റ്‌വെയര്‍ ഓണത്തിനു ശേഷം സജ്ജമാകുമെന്നതിനാലാണ് പ്രവേശന നടപടികള്‍ 24ലേക്കു മാറ്റിയത്.

മുന്നാക്ക വിഭാ​ഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് 10 ശതമാനം സംവരണം കഴിഞ്ഞ വര്‍ഷത്തേതുപോലെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംവരണം സുപ്രീംകോടതി വിധിക്ക് വിരുദ്ധമാകില്ലെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏതാണ്ട് 20,000 സീറ്റുകള്‍ ഈ വിഭാ​ഗക്കാര്‍ക്ക് ലഭിക്കും.

കഴിഞ്ഞ വര്‍ഷത്തെപ്പോലെ വിദ്യാര്‍ത്ഥികളില്ലാത്ത ഹയര്‍സെക്കന്‍ഡറി കോഴ്സുകള്‍ കുട്ടികള്‍ ഏറെയുള്ള ജില്ലകളിലേക്ക് മാറ്റുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഓരോ ജില്ലയിലെയും പ്ലസ് വണ്‍ അപേക്ഷകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കൂ. ഏതൊക്കെ ജില്ലകളില്‍ സീറ്റ് കുറവുണ്ടെന്നും കുട്ടികള്‍ ഇല്ലാതെ ഉണ്ടെന്നും അറിയണമെങ്കില്‍ പ്ലസ് വണ്‍ അപേക്ഷയുടെ ഓണ്‍ലൈന്‍ സമര്‍പ്പണം പൂര്‍ത്തിയാകണം.



Related News