Loading ...

Home International

അഫ്ഗാന്‍ പ്രതിസന്ധി ക്ഷണിച്ചു വരുത്തിയത്; ബൈഡനെതിരെ വിമര്‍ശനം ഉയരുന്നു

അഫ്​ഗാനിസ്ഥാന്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അമേരിക്കന്‍ പ്രസി‍ഡന്റ് ജോ ബൈഡന് നേരെ വിരല്‍ചൂണ്ടി ലോകം. താലിബന്‍ സേനക്കുമുന്നില്‍ അഫ്​ഗാന്‍ കീഴടങ്ങിയത് പ്രസിഡ‍ന്റ് ബൈഡന്റെ ആസൂത്രണമില്ലായ്മയും എടുത്തുചാട്ടവുമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിമര്‍ശനം. അഫ്​ഗാന്‍ പിന്‍മാറ്റവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുന്‍പ് ബൈഡന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരമാര്‍ശങ്ങളും ഇതിനോടകം ചര്‍ച്ചയായി.

ഈ വര്‍ഷം ഏപ്രിലിലാണ് അമേരിക്കന്‍ സൈന്യം പൂര്‍ണമായും അഫ്​ഗാന്‍ വിടുമെന്ന് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അമേരിക്കന്‍ പിന്‍മാറ്റത്തെ തുടര്‍ന്നുണ്ടായേക്കാവുന്ന ആശങ്കകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ തള്ളിയ പ്രസി‍ഡന്റ്, കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അഫ്​ഗാന്‍ സേന സജ്ജമാണെന്ന് മാധ്യമങ്ങളോട് പറയുകയായിരുന്നു. ജൂലൈ എട്ടിന് മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അമേരിക്കന്‍ പിന്‍മാറ്റവും അഫ്​ഗാനില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധിയും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്.യു.എസ് പിന്‍മാറ്റത്തിന് 90 ദിവസങ്ങള്‍ക്കു ശേഷം അഫ്​ഗാനിലെ പാവ സര്‍ക്കാര്‍ തകര്‍ന്നടിയുമെന്ന അമേരിക്കന്‍ ഇന്റലിജന്‍സിന്റെ ചോര്‍ന്ന റിപ്പോര്‍ട്ടിനെ കുറിച്ച്‌ മാധ്യമങ്ങള്‍ പ്രസിഡന്റ് ബൈഡനോട് ചോദിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു സാധ്യത ഇല്ലെന്നാണ് ബൈഡന്‍ പറഞ്ഞത്. എഴുപതുകളില്‍ വിയറ്റനാമില്‍ നടന്ന അമേരിക്കന്‍ ഒഴിപ്പിക്കലിന് സമാനമായ സാഹചര്യമല്ല അഫ്​ഗാനിലുള്ളതെന്നും ബൈഡന്‍ പറഞ്ഞു. സോവിയറ്റ് പിന്തുണയുള്ള വടക്കന്‍ വിയറ്റ്നാമും അമേരിക്ക പിന്തുണച്ച തെക്കന്‍ വിയറ്റ്നാമും തമ്മിലെ യുദ്ധത്തിനിടെ, 1975ല്‍ അപ്രതീക്ഷിതായി വടക്കന്‍ വിയറ്റ്നാം അക്രമം ശക്തമാക്കിയത്. പരിഭ്രാന്തരായ അമേരിക്കന്‍ പക്ഷം അന്ന് എംബസിയുടെ ടെറസിലൂടെ ഹെലികോപ്ടര്‍ മാര്‍​ഗം പൗരന്‍മാരെ രക്ഷപ്പെടുത്തിയ ഭീതിതമായ ചരിത്രം അഫ്​ഗാനിലും ആവര്‍ത്തിക്കുകയാണെന്നാണ് വിമര്‍ശനം. ഓപ്പറേഷന്‍ ഫ്രീക്വന്റ് വിന്‍ഡ് എന്നു പേരിട്ട് വിയറ്റ്നാമില്‍ നടത്തിയ ദൗത്യത്തിലൂടെ ഏഴായിരത്തില്‍പര പേരെയാണ് രക്ഷപ്പെടുത്തിയത്.


Related News