Loading ...

Home International

അടുത്ത വര്‍ഷം വരെ ന്യൂസിലാന്‍ഡിലേക്ക് വിദേശ സഞ്ചാരികള്‍ക്ക്​ പ്രവേശനമില്ല

കോവിഡിനെ തുടര്‍ന്ന്​ അടച്ചിട്ട പല രാജ്യങ്ങളും ​ഇപ്പോള്‍ സഞ്ചാരികള്‍ക്ക്​ മുന്നില്‍ വാതില്‍ തുറന്നിരിക്കുകയാണ്​. വാക്​സിന്‍ എടുത്തവരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്​ ഈ രാജ്യങ്ങള്‍.

എന്നാല്‍, ഈ വര്‍ഷം കഴിയും വരെ രാജ്യത്തേക്ക്​ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ്​ ന്യൂസിലാന്‍ഡ്​. 2021 അവസാനം വരെ അതിര്‍ത്തികള്‍ അടച്ചിടുമെന്ന് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു.

രാജ്യ​ത്ത്​ കോവിഡിനെതിരായ വാക്​സിനേഷന്‍ തുടരുകയാണ്​​. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ഇത്​ പൂര്‍ത്തിയാകൂ. ഇതിന്​ ശേഷം മാത്രമാകും വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക്​ പ്രവേശിപ്പിക്കുകയെന്ന്​ പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്​സന്‍ വ്യക്​തമാക്കി.
മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച്‌ ന്യൂസിലാന്‍ഡിലെ വാക്സിനേഷന്‍ പ്രക്രിയ മന്ദഗതിയിലാണ്. രാജ്യത്തെ ജനസംഖ്യയുടെ 29 ശതമാനം പേര്‍ക്ക് മാത്രമേ ഒരു ഡോസ് ലഭിച്ചിട്ടുള്ളൂ. 17 ശതമാനം പേര്‍ക്ക് രണ്ട്​ ഡോസ്​ ലഭിച്ചു. അതേസമയം, വ്യാഴാഴ്ച വരെ ഇവിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

'രാജ്യം ശ്രദ്ധയോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നു. വാക്​സിനേഷന്‍ നടപടി പൂര്‍ത്തിയായതിനാല്‍ മറ്റു രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്​. എന്നാല്‍, അവിടങ്ങളില്‍ ഇപ്പോള്‍ കോവിഡ്​ കേസുകള്‍ വര്‍ധിക്കുകയാണ്​. ഈ സാഹചര്യം സൃഷ്​ടിക്കാന്‍ ന്യൂസിലാന്‍ഡ്​ ആഗ്രഹിക്കുന്നില്ല' -ജസിന്ത ആന്‍ഡേഴ്​സന്‍ പറഞ്ഞു.

4.9 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത്​ ഇതുവരെ 2557 കോവിഡ്​ കേസുകള്‍ മാത്രമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 26 മരണങ്ങളും സംഭവിച്ചു. അന്താരാഷ്​ട്ര അതിര്‍ത്തി അടക്കല്‍ പോലുള്ള കര്‍ശന നിയന്ത്രണങ്ങളിലൂടെയാണ്​ ന്യൂസിലാന്‍ഡ്​ കോവിഡിനെ അതിജീവിക്കുന്നത്​.

Related News