Loading ...

Home International

ജര്‍മനിയില്‍ കോവിഡ്​ വാക്​സിന്​ പകരം നഴ്​സ്​ ഉപ്പുലായനി കുത്തിവെച്ചു; 9000 പേര്‍ക്ക്​ വീണ്ടും വാക്​സിനേഷന്‍

ബര്‍ലിന്‍: നഴ്​സ്​ ഉപ്പുലായനി കുത്തിവെച്ചതിനെ തുടര്‍ന്ന്​ ജര്‍മനിയില്‍ 9000ത്തിനടുത്ത്​ ആളുകളെ വീണ്ടും വാക്​സിനേഷന്​ വിധേയമാക്കും. ഏപ്രിലിലാണ്​ ഫൈസര്‍ വാക്​സിന്​ പകരം ജര്‍മന്‍ നഴ്​സ്​ ഉപ്പുവെള്ളം കുത്തിവെച്ചതെന്ന്​ 'മെട്രോ യു.കെ' റിപ്പോര്‍ട്ട്​ ചെയ്​തു​.

ആരോപണം ഉയര്‍ന്നതോടെ ആറ്​ പേര്‍ക്ക്​ ഉപ്പുലായനി കുത്തിവെച്ചത്​ താനാണെന്ന്​ നഴ്​സ്​ സമ്മതിച്ചിരുന്നു. ഫൈസര്‍ വാക്​സിന്‍റെ ഒരു കുപ്പി ​തന്‍റെ കൈയില്‍ നിന്ന്​ നഷ്​ടപ്പെട്ട്​ പോയതിനാലാണ്​ അങ്ങനെ ചെയ്​തതെന്നായിരുന്നു​ വിശദീകരണം​.

എന്നാല്‍ ധാരാളം പേരെ ഇവര്‍ കബളിപ്പിച്ചതായി ആന്‍ഡിബോഡി പരിശോധനയില്‍ തെളിഞ്ഞു. വാക്​സിനെ വിമര്‍ശിച്ച്‌​​ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പങ്കു​െവച്ചതായി പൊലീസ്​ കണ്ടെത്തി.

ഇതോടെയാണ്​​ മാര്‍ച്ച്‌​ അഞ്ചിനും ഏപ്രില്‍ 20നും ഇടയില്‍ കുത്തിവെപ്പെടുത്തവര്‍ക്ക്​ വീണ്ടും വാക്​സിന്‍ നല്‍കുമെന്ന്​ ഫ്രീസ്​ലാന്‍ഡ്​ ജില്ല അഡ്​മിനിസ്​ട്രേറ്റര്‍ സ്വെന്‍ ആംബ്രോസി വ്യക്തമാക്കിയത്​​. ഇക്കാലയളവില്‍ കുത്തിവെപ്പെടുത്ത എത്ര പേര്‍ക്ക്​ യഥാര്‍ഥ വാക്​സിന്‍ ലഭിച്ചുവെന്ന കാര്യത്തില്‍ വ്യക്തതതയില്ലാത്തതിനാലാണ്​ 8577 പേര്‍ക്കും വീണ്ടും വാക്​സിന്‍ നല്‍കാന്‍ തീരുമാനിച്ചത്​.

കുത്തിവെപ്പെടുത്ത എല്ലാവരും 70 വയസിന്​ മുകളില്‍ പ്രായമുള്ളവരാണെന്നതാണ്​ ആശങ്കയെന്ന്​ ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഉപ്പുവെള്ളം കുത്തിവെച്ചത്​ കാരണം മറ്റ്​ ആരോഗ്യ പ്രശ്​നങ്ങള്‍ ഒന്നും വരില്ലെന്നാണ്​​ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്​.

ജര്‍മന്‍ ജനസംഖ്യയുടെ 57 ശതമാനം പേരും കോവിഡ്​ പ്രതിരോധ കുത്തി​വെപ്പെടുത്തതായാണ്​ കണക്കുകള്‍. 91000 പേരാണ്​ ജര്‍മനിയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

Related News