Loading ...

Home National

ഇന്ത്യയിലെ ആദ്യത്തെ 'വാട്ടര്‍ പ്ലസ്' സിറ്റിയായി ഇന്‍ഡോര്‍

ഇന്‍ഡോര്‍: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതിയുള്ള ഇന്‍ഡോര്‍ ആദ്യത്തെ വാട്ടര്‍ പ്ലസ് സിറ്റിയുമാകുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ വാണിജ്യ തലസ്ഥാനമായ നഗരം മറ്റ് നഗരങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വച്ഛ് സര്‍വേക്ഷണ്‍ 2021 പദ്ധതി പ്രകാരമാണ് ഇന്‍ഡോറിനെ വാട്ടര്‍ പ്ലസ് നഗരമായി തെരഞ്ഞെടുത്തത്.

'സ്വച്ഛ് ഭാരത് മിഷന് കീഴിലുള്ള സ്വച്ഛ് സര്‍വേക്ഷണ്‍ 2021 പദ്ധതി പ്രകാരം രാജ്യത്തെ ആദ്യത്തെ വാട്ടര്‍ പ്ലസ് നഗരമായി ഇന്‍ഡോറിനെ തെരഞ്ഞെടുത്തതില്‍ അവിടത്തെ പൗരന്മാരെ അഭിനന്ദിക്കുന്നു. വൃത്തിയുടെ കാര്യത്തില്‍ ഇന്‍ഡോര്‍ രാജ്യത്തെ എല്ലാ നഗരങ്ങള്‍ക്കും മാതൃകയാണ്. ഇത് സംസ്ഥാനത്തിന്‍റെ ഖ്യാതിക്ക് മാറ്റുകൂട്ടട്ടെ' ചൗഹാന്‍ ട്വിറ്ററില്‍ കുറിച്ചു.

സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായി ഇന്ത്യയിലെ നഗരങ്ങളിലെ വൃത്തി, ശുചിത്വം, പൊതുശുചിത്വ നിലവാരം എന്നിവ മാനദണ്ഡമാക്കി വര്‍ഷം തോറും നട്തതിവരുന്ന സര്‍വേയാണ് സ്വച്ഛ് സര്‍വേക്ഷണ്‍. സ്വച്ഛ് സര്‍വേക്ഷണ്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി 1746 പൊതുഓടകള്‍ , 5,624 സ്വകാര്യ ഓവുചാലുകള്‍ എന്നിവയുടെ ജലനിര്‍ഗമനം ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ശരിയാക്കുകയും ഒഴുക്ക് ക്രമീകരിക്കുകയും ചെയ്തു. നഗരത്തിലെ പ്രധാന നദികളായ കാന്‍, സരസ്വതി എന്നിവയെ അഴുക്കുചാലുകളില്‍ നിന്നും മുക്തമാക്കിയെന്നും ഇന്‍ഡോര്‍ കലക്ടര്‍ മനീഷ് സിങ് അറിയിച്ചു.

നേട്ടം കൈവരിക്കുന്നതിനായി ഏഴ് അഴുക്കുചാല്‍ സംസ്ക്കരണ പ്ലാന്‍റുകള്‍ സ്ഥാപിച്ചു. ഇതില്‍ നിന്നും ലഭിക്കുന്ന 110 മില്യണ്‍ ലിറ്റര്‍ വെള്ളം നഗരത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും ഇന്‍ഡോര്‍ സിവിക് കമീഷണര്‍ പ്രതിഭ പാട്ടീല്‍ അറിയിച്ചു. വാട്ടര്‍ പ്ലസ് പ്രോട്ടോക്കള്‍ അനുസരിച്ച്‌ 147 പ്രത്യേക മൂത്രപ്പുരകള്‍ സ്ഥാപിച്ചു. ഇതിനുപുറമെ നഗരത്തിലെ കുളങ്ങളും കിണറുകളും അടക്കമുള്ള ജലാശയങ്ങള്‍ മുഴുവന്‍ ഉപയോഗയോഗ്യമാക്കി.

Related News